1

തൃശൂർ: ജില്ലയ്ക്കകത്തോ സംസ്ഥാനത്തോ മാത്രം ഒതുങ്ങുന്നില്ല, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വികസന സ്വപ്നങ്ങൾ. അതിർത്തിക്കപ്പുറം തമിഴ്നാട് വരെ വ്യാപിക്കുന്ന വികസനകാഴ്ചപ്പാടുകൾ. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസും റെയിൽവേ - ടൂറിസം വികസനവും തുടങ്ങി നിരവധി വിഷയങ്ങളിൽ അഭിപ്രായം വ്യക്തമാക്കി സുരേഷ് ഗോപി. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയായിരുന്നു വേദി. വിവാദചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും സംസ്ഥാന സർക്കാരിനെ ഉൾപ്പെടെ വിമർശിക്കുന്നതിൽ പിശുക്ക് കാണിച്ചില്ല. നാഗപട്ടണം മുതൽ ലൂർദ്ദ് പള്ളി വരെ നീളുന്ന തീർത്ഥാടന ടൂറിസം പ്രൊജക്ടിൽ ജാതിമതഭേദമന്യേ ദേവാലയങ്ങൾ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയം. ക്ഷേത്രനഗരമായ നാഗപട്ടണത്ത് നിന്നും തുടങ്ങുന്ന പദ്ധതിയിൽ ഹിന്ദുക്ഷേത്രങ്ങളായ മംഗളാദേവിയും മുസ്‌ലിം ആരാധനാലയമായ ചേരമാൻ പള്ളിയും ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളായ അൺഫോൺസാമ്മയുടെ കബറിടമുള്ള ഭരണങ്ങാനവും ലൂർദ്ദ് പള്ളിയും ജൂതന്മാരുടെ മട്ടാഞ്ചേരി പള്ളിയും ഉൾപ്പെടുന്നുണ്ട്.

മുൻഗണനാക്രമമില്ല
തൃശൂരിന്റെ വികസനകാര്യത്തിൽ ആദ്യമെന്നോ അവസാനമെന്നോയുള്ള പരിഗണന ഒരു വിഷയത്തിനുമില്ലെന്ന് സുരേഷ് ഗോപി. തന്നോട് ആവശ്യപ്പെട്ടതും താൻ വാഗ്ദാനം ചെയ്തതുമായ നിരവധി വിഷയങ്ങളുണ്ട്. കേന്ദ്രമന്ത്രി പദം ലഭിച്ചതോടെ കൂടുതൽ ആവശ്യങ്ങൾ പുതുതായി വരുന്നുണ്ട്. എങ്ങണ്ടിയൂർ, ഗുരുവായൂർ മേഖലയിലെ വികസനപ്രക്രിയയ്ക്ക് നിരവധി നിക്ഷേപകർ വരുന്നുണ്ട്. ആരും എതിർത്തില്ലെങ്കിൽ പദ്ധതി നടപ്പാകും. പൊതുജന പങ്കാളിത്തത്തോടെ നാടിന്റെ സ്വത്വം നഷ്ടപ്പെടാത്തവിധമുള്ള പദ്ധതി ആവിഷ്‌കരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും കേന്ദ്രമന്ത്രി കൂട്ടിചേർത്തു.

കുറ്റിപ്പുറം പാത: കരാറുകാരനോട് ചോദിക്കൂ

തൃശൂർ - കുറ്റിപ്പുറം പാതി വൈകുന്നതിന്റെ കാരണം കരാറുകാരനോട് ചോദിക്കണം. പ്രളയത്തിൽ നശിച്ച റോഡ് പുനരുദ്ധരിക്കാനെന്ന വിധം പൂർണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.


മണ്ണുത്തി - കുന്നംകുളം എലിവേറ്റഡ് പദ്ധതി
തൃശൂർ നഗരം തൊടാതെയുള്ള മണ്ണുത്തി - കുന്നംകുളം എലിവേറ്റഡ് പദ്ധതി മനസിലുണ്ട്. നഗരത്തിന്റെ വീർപ്പുമുട്ടലില്ലാതെ ലക്ഷ്യസ്ഥാനത്തെത്താനുള്ള എളുപ്പമാർഗമായി ഇത് മാറും. ഒരാളെയും ദ്രോഹിക്കാതെ പദ്ധതി നടപ്പാക്കും. 'അച്ഛനും അമ്മയ്ക്കും തൃപ്തിയാകുന്ന തരത്തിൽ ജോലി നിർവഹിക്കാനാണ് ആഗ്രഹം.

വിവാദ ചോദ്യങ്ങളോട് നോ...

വിവാദപരമായ രാഷ്ട്രീയ ചോദ്യങ്ങളോട് നോ പറഞ്ഞ് സുരേഷ് ഗോപി. തന്നെ പുകഴ്ത്തിയ മേയറുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിവാദം ഉണ്ടാക്കേണ്ടവർ ചുരണ്ടി നോക്കുകയല്ലേ. അങ്ങനെ വേണ്ടവർ ചെയ്യട്ടെയെന്നായിരുന്നു മറുപടി. എയിംസ് വിഷയത്തിൽ ബി.ജെ.പി ജില്ലാക്കമ്മിറ്റികളുടെ പ്രതികരണങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രി അഭിപ്രായം പറഞ്ഞില്ല.

കുംഭാരവിഭാഗക്കാർ കഷ്ടതയിൽ

ചെളി ലഭിക്കാത്തതിനെത്തുടർന്ന് കുംഭാര വിഭാഗക്കാർ ഏറെ പ്രതിസന്ധിയിലാണ്. ഡാമുകളിലെ ചെളിയും മറ്റും ഇവർക്കായി ഉപയോഗിച്ചാൽ പട്ടിണി മാറ്റാനാകും. കുംഭാര വിഭാഗക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.