ch
ചേർപ്പ് ചങ്ങരയിൽ പാടം റോഡിൽ വ്യാപകമായി മാലിന്യം തള്ളിയ നിലയിൽ.

ചേർപ്പ് : പഞ്ചായത്ത് ചങ്ങരയിൽ പാടം റോഡിൽ മാലിന്യം പെരുകുന്നു. മാലിന്യങ്ങളുടെ രൂക്ഷ ഗന്ധം മൂലം ഇതുവഴി യാത്ര ചെയ്യണേൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. രാത്രി സമയങ്ങളിൽ പ്രദേശത്ത് വൈദ്യുതി വെളിച്ചമില്ലാത്തതും റോഡിന് ഇരുവശങ്ങളിൽ കാടുകയറി കിടക്കുന്നതും മാലിന്യം തള്ളുന്നതിന് സഹായമാകുന്നു. പതിവായി മാലിന്യം ചാക്കുകളിൽ കൊണ്ട് ചങ്ങരയിൽപാടത്ത് തള്ളിയതിന് ഊരകത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റ് ഉടമയിൽ നിന്ന് പഞ്ചായത്ത് അധികൃതർ പിഴ ചുമത്തിയിരുന്നു. ഇറച്ചി മാലിന്യങ്ങൾ അടക്കം പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി ഇവിടെ തള്ളുന്നതും പതിവായതിനാൽ അസഹ്യമായ ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. ഏതാനും വീട്ടുകാരും സമീപത്ത് താമസിക്കുന്നുണ്ട്. മാലിന്യത്തിന്റെ രൂക്ഷഗന്ധം മൂലം ഏറെ ദുരിതം പേറുന്നതും അവരാണ്. ചങ്ങരയിൽ ക്ഷേത്രം, ലൂർദ്ദ് മാതാ ഹൈസ്‌കൂൾ എന്നിവ ഈ റോഡിലാണുള്ളത്. വിദ്യാർത്ഥികളടക്കം നിരവധി പേർ കടന്നുപോകുന്ന വഴിയും കൂടിയാണിത്. മഴ പെയ്ത് മാലിന്യം അളിഞ്ഞ് കിടക്കുന്ന സ്ഥിതിയിലാണ്. പടിഞ്ഞാറെ പെരുമ്പിള്ളിശേരിയിലേക്കുള്ള വഴിയും കൂടിയാണിത്. മാലിന്യം തള്ളുന്നത് കർശനമായി തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.