കുന്നംകുളം: റോഡരികിലെ മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്തു. യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് സമീപത്തെ മാലിന്യങ്ങളാണ് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥർ നീക്കിയത്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് പൂന്തോട്ടങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ യേശുദാസ് റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. മുഴുവൻ ശുചീകരണ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ഒരു മണിക്കൂറിൽ മാലിന്യക്കൂമ്പാരം പൂർണ്ണമായി നീക്കിയത്. മാലിന്യങ്ങൾ കുറുക്കൻപാറ ഗ്രീൻപാർക്കിൽ തരം തിരിച്ച് സംസ്‌കരിക്കും. മാലിന്യത്തിൽ നിന്ന് വില ലഭിക്കാവുന്ന പാഴ്‌വസ്തുക്കൾ ഹരിതകർമ്മസേനയുടെ സഹായത്തിൽ വിൽപ്പന നടത്തും. ഇതിൽ നിന്ന് ലഭിക്കുന്ന തുക യേശുദാസ് റോഡിൽ താമസിക്കുന്ന വൃദ്ധക്ക് നൽകുമെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, പി.എച്ച്.ഐ എ. രഞ്ജിത്ത്, എച്ച്.ഐ മാരായ എസ്. രശ്മി,എം. എസ്. ഷീബ, പി. പി. വിഷ്ണു,സിവിൽ പോലീസ് ഓഫീസർ വി. ജെ. ജിൻസി എന്നിവർ നേതൃത്വം നൽകി.