അന്തിക്കാട് : പഞ്ചായത്ത് കംഫർട്ട് സ്റ്റേഷന്റെ സെപ്ടിക് ടാങ്ക് പൊട്ടിയൊലിക്കുന്നതും മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നതും മൂലം കാഞ്ഞാണിയിൽ രോഗ വ്യാപനത്തിന് സാദ്ധ്യതയേറുന്നു. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടെയാണ് കാഞ്ഞാണിയിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. മണലൂർ പഞ്ചായത്ത് കാഞ്ഞാണി ബസ് സ്റ്റാൻഡിലെ സുലഭ് കംഫർട്ട് സ്റ്റേഷനും കുടുംബശ്രീ ജനകീയ ഹോട്ടലിനും പിറകുവശത്താണ് ഈ മാലിന്യക്കൂമ്പാരം. മാലിന്യ ക്കൂമ്പാരത്തിനിടയിൽ കംഫർട്ട് സ്റ്റേഷനിലെ പൊട്ടിയ സെപ്ടിക് ടാങ്ക് നീല ടാർപോളിൻ കൊണ്ട് മൂടിയിട്ട നിലയിലാണ്. സെപ്ടിക് ടാങ്ക് പൊട്ടി ജനകീയ ഹോട്ടലിന് പിറകിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങൾ പുറമെ കാണാതിരിക്കാൻ ബോർഡ് വച്ച് മറച്ചിരിക്കയാണ്. മണലൂർ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ദുർഗന്ധം മൂലം മൂക്ക് പൊത്തേണ്ട അവസ്ഥ
ഇവിടെ നിന്നും പരക്കുന്ന ദുർഗന്ധം മൂലം മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ബസ് സ്റ്റാൻഡിൽ സാധനങ്ങൾ വാങ്ങുന്നതിനും വിവിധയിടങ്ങളിലേക്ക് പോകാൻ ബസ് യാത്രയ്ക്കായി ധാരാളം പേരാണ് ദിനംപ്രതി എത്തുന്നത്. മഴക്കാലമായതോടെ സെപ്ടിക് ടാങ്ക് പൊട്ടിയൊഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മൂലം ജലജന്യരോഗങ്ങളും തന്മൂലം പകർച്ചവ്യാധികളും പടരാൻ ഏറെ സാദ്ധ്യതയുണ്ടെന്നിരിക്കെ പഞ്ചായത്ത് അധികൃതരോ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.