വടക്കാഞ്ചേരി: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിയ ബസ് ജീവനക്കാരുടെ വറ്റാത്ത കാരുണ്യത്തിന് ആദരം അർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന ലോഗോൺ ബസ് ജീവനക്കാർക്കാണ് എം.വി.ഡിയുടെ ബിഗ് സല്യൂട്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ചേലക്കര സ്വദേശി വിനീതി(32)നെയാണ് ഇവരുടെ ഒത്തൊരുമയിൽ ജീവൻ രക്ഷിക്കാനായത്.മണ്ണുമാന്തി യന്ത്രം ടിപ്പറിൽ കയറ്റികൊണ്ടുപോകവെ ടിപ്പറിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും വിനീത് ജെസിബിയിൽനിന്ന് എടുത്തുചാടുകയുമായിരുന്നു. റോഡിൽ വീണ വിനീതിന് പരുക്കേറ്റ് അബോധാവസ്ഥയിലായി. ടിപ്പർലോറി മുന്നോട്ട് നീങ്ങി അകലെയുള്ള മൺത്തിട്ടയിൽ ഇടിച്ചു നിന്നു. എന്നാൽ വിനീത് റോഡിൽ വീണ വിവരം ടിപ്പർ ഡ്രൈവർ അറിഞ്ഞിരുന്നില്ല.
നിരവധി വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നു പോയെങ്കിലും ആരും രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് ജീവനക്കാർ പറയുന്നു. തുടർന്നാണ് ലോഗോൺ ബസ് ഡ്രൈവർ സന്തോഷിന്റെ ശ്രദ്ധയിൽപ്പെടുകയും കണ്ടക്ടർ ജിതിനും ചേർന്ന് യാത്രക്കാരുടെ സഹായത്തോടെ വിനീതിനെ ബസിൽ കയറ്റി ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വടക്കാഞ്ചേരി സബ് ആർ.ഡി.ഒ ഓഫീസിന്റെ കീഴിലായിരുന്നു സന്തോഷിനും ജിതിനും ആദരം. ജോ: ആർ.ടി.ഒ കെ.അഫ്‌സൽ അലി, എം.വി.ഐ.എ.കെ. രാജീവൻ, വടക്കാഞ്ചേരി ബ്രാഞ്ച് ആക്ട്‌സ് പ്രസിഡന്റ് വി.വി ഫ്രാൻസിസ്, പ്രസ് ക്ലബ് പ്രസിഡന്റ് അജിഷ് കർക്കിടകത്ത് എന്നിവർ ബസ് ജീവനക്കാരെ അനുമോദിച്ചു. ലേണേഴ്‌സ് ടെസ്റ്റിനെത്തിയ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും നടന്നു.