തൃശൂർ: ശക്തൻ സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന വളം നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ നേരത്തെ പൊടിച്ച മാലിന്യത്തിൽ ജലാംശം കയറി ഈച്ചശല്യമുണ്ടായത് പരിശോധിക്കാൻ കോർപറേഷൻ ആരോഗ്യ വിഭാഗമെത്തി. ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോളയെത്തി മേയർ അടക്കമുള്ളവരെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജുവിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്. കടക്കളിലും ഹോട്ടലുകളിലും ഈച്ചശല്യം പെരുകുന്നതിൽ പരാതി വ്യാപകമായിരുന്നു. ജൈവ വസ്തുക്കൾ ഉണക്കിപ്പൊടിച്ച് വളമാക്കാനുള്ള സ്വകാര്യ എജൻസിയുടെ കരാർ കാലാവധി മാർച്ച് 31ന് തീർന്നതോടെ കോർപറേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. യന്ത്രം കാര്യക്ഷമല്ലാത്തതിനാൽ മന്ദഗതിയിലായിരുന്നു പ്രവർത്തനം. ഈച്ചശല്യം മൂലം കച്ചവടം ചെയ്യാൻ സാധിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കൗൺസിലർ സിന്ധു ആന്റോ ചാക്കോള ആവശ്യപ്പെട്ടു.