1

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പുതിയ കോടതി സമുച്ചയം ഒരുങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്ന എറിയാട്ടെ ഭൂമിയിലാണ് കോടതി സമുച്ചയം നിർമ്മിക്കുക. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂൾ നിയമകാര്യ വകുപ്പിന്റെ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റിയേക്കും.

ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും 54 സെന്റ് സ്ഥലമാണ് കോടതി സമുച്ചയ നിർമ്മാണത്തിനായി നിയമകാര്യ വകുപ്പിന് കൈമാറുക. ഭൂമി കൈമാറ്റം സംബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ ധാരണയായ സാഹചര്യത്തിൽ കോടതി സമുച്ചയ നിർമ്മാണം വൈകാതെ ആരംഭിക്കും.

കൊടുങ്ങല്ലൂരിൽ കോടതി സമുച്ചയം വേണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. സൗകര്യക്കുറവ് മൂലം പുതിയ കോടതികളൊന്നും ആരംഭിക്കാൻ നിയമ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. ജുഡീഷ്യൽ കോംപ്ലക്‌സ് വരുന്നതോടെ കേസുകൾക്കായി ഇരിങ്ങാലക്കുട, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാകും.

ആഴ്ചയിൽ ഒരു ദിവസം സിറ്റിംഗ് നടക്കുന്ന കുടുംബ കോടതിയുടെ പ്രവർത്തനം ആഴ്ചയിൽ മുഴുവനാകും. മുനിസിപ്പൽ കോടതിയുടെ സബ് കോടതിക്കും സാദ്ധ്യതയേറെയാണ്. എം.എ.സി.ടി വ്യവഹാരങ്ങൾക്കും കോടതി വന്നേക്കാം. ഇരിങ്ങാലക്കുട സബ് കോടതിയിൽ ഏറ്റവും കൂടുതൽ കേസുകൾ കൊടുങ്ങല്ലൂർ പ്രദേശവാസികളുടേതാണെന്നാണ് വിവരം.

ഒരു കുടക്കീഴിൽ എട്ട് കോടതികൾ
മുൻസിഫ് കോടതിയും, ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയും കൊടുങ്ങല്ലൂർ നഗരമദ്ധ്യത്തിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ ന്യായാലയം എറിയാട്ടെ മതിലകം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും, പോക്‌സോ കോടതി കൊടുങ്ങല്ലൂരിലെ മറ്റൊരു വാടകക്കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. കോടതി സമുച്ചയം ഒരുങ്ങുന്നതോടെ എട്ട് കോടതികളും ഒരേ കെട്ടിടത്തിലാകും.