തൃപ്രയാർ: നാലമ്പല തീർത്ഥാടനത്തിന് തൃപ്രയാർ ശ്രീരാമ സ്വാമിക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയാകുന്നു. 16ന് ചൊവ്വാഴ്ചയാണ് തീർത്ഥാടനത്തിന് തുടക്കമാവുക. ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും ഭക്തർക്ക് ഒരേസമയം മഴ നനയാതെ നിൽക്കാനുള്ള പന്തലിന്റെ പണി പൂർത്തിയായി. 5,000 പേർക്ക് വരി നിൽക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ദർശനം കഴിഞ്ഞ് വടക്കെ നടയിലൂടെ പുറത്തുകടക്കുന്നവർക്ക് ക്യൂ നിൽക്കുന്നവരുടെ വരി മുറിയാതിരിക്കാൻ ഫ്‌ളൈ ഓവർ സംവിധാനം ഏർപ്പെടുത്തി.ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് വഴിപാട് ശീട്ടാക്കാൻ മൊബൈൽ കൗണ്ടറും കിഴക്കും പടിഞ്ഞാറും നടപ്പുരയിൽ പ്രത്യേകം കൗണ്ടറും എർപ്പെടുത്തി. ഇവിടെ നിന്നും സ്‌പെഷ്യൽ പായസം, അവിൽ എന്നിവ ശീട്ടാക്കാം. ശുദ്ധജലം, ചുക്കുകാപ്പി വിതരണം എന്നിവയ്ക്കുള്ള സൗകര്യങ്ങളും തയ്യാറായിവരുന്നു. പ്രാഥമിക ആവശ്യം നിറവേറ്റുന്നതിന് താത്കാലിക ടോയ്‌ലെറ്റും ഇ ടോയ്‌ലെറ്റ് സംവിധാനവും ഏർപ്പെടുത്തി്. കൂടാതെ ഫസ്റ്റ് എയ്ഡ് സംവിധാനത്തോടെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം പ്രവർത്തിക്കും. കൂടുതൽ സി.സി.ടി.വി കാമറകൾ സജ്ജമാക്കി. ഭക്തജനങ്ങൾക്കായി ഊട്ടുപുരയിൽ അന്നദാനവും ഉണ്ടാവും.