തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ വിഹിതമായ 21.7 കോടി നൽകാത്തതിനാൽ കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ അദ്ധ്യാപകർക്ക് ഏഴാം ശമ്പളപരിഷ്‌കരണ പ്രകാരം ലഭിക്കേണ്ട യു.ജി.സി കുടിശ്ശിക നഷ്ടമായി.കേന്ദ്രവും സംസ്ഥാനവും 50 ശതമാനംവീതം പങ്കിടണം. മൊത്തം 43.4 കോടിയാണ് അദ്ധ്യാപകർക്ക് കിട്ടേണ്ടിയിരുന്നത്.
2016 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയാണ് കുടിശികയുള്ളത്. സംസ്ഥാനവിഹിതം നൽകിയതിന്റെ തെളിവ് ഹാജരാക്കിയാലേ കേന്ദ്രവിഹിതം നൽകുകയുള്ളൂവെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) വ്യക്തമാക്കിയിരുന്നു. സമയപരിധി മാർച്ച് 31ന് അവസാനിച്ചതിനാൽ ഇനി കിട്ടാനിടയില്ല. പ്രത്യേകം അപേക്ഷ നൽകണമെങ്കിൽ സംസ്ഥാനം വിഹിതം നൽകണം.
തമിഴ്‌നാട്, കർണാടക ഉൾപ്പെടെ വിഹിതം നൽകിയ സംസ്ഥാനങ്ങളിലെ അദ്ധ്യാപകർക്ക് കുടിശ്ശിക ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ 18 കാർഷിക, വെറ്ററിനറി, ഹോർട്ടിക്കൾച്ചർ യൂണിവേഴ്‌സിറ്റികൾക്ക് 299.40 കോടിയാണ് ഐ.സി.എ.ആർ അനുവദിച്ചത്.
സംസ്ഥാന വിഹിതം അദ്ധ്യാപകരുടെ പി.എഫിൽ ലയിപ്പിക്കാമെന്നാണ് കേരളം പറഞ്ഞത്. ഐ.സി.എ.ആർ അത് അംഗീകരിച്ചില്ല. ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ ആശയവിനിമയം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.
കേസിൽ കുടുങ്ങി
1. ഈ മുന്നൂ യൂണിവേഴ്സിറ്റികൾക്കും യു.ജി.സി പ്രഖ്യാപിക്കുന്ന ആനുകൂല്യത്തിലെ കേന്ദ്ര വിഹിതം നൽകുന്നത് ഐ.സി.എ.ആർ ആണ്.അവരുടെ കത്തു പ്രകാരം ഇവിടത്തെ മൂന്നു യൂണിവേഴ്സിറ്റികളിൽ നിന്നും സർക്കാരിനെ തുക തിട്ടപ്പെടുത്തി അറിയിക്കുകയും ക്കുകയും അനുകൂലമായ പ്രതികരണം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകർ കോടതിയെ സമീപിച്ചതോടെ തുടർ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന്ഉണ്ടായില്ല.
2. അതേസമയം, സംസ്ഥാന വിഹിതം ആദ്യം നൽകണമെന്ന കടുംപിടിത്തം മുമ്പ് കാണിച്ചിരുന്നില്ലെന്നും കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിച്ചെന്നും ആക്ഷേപമുണ്ട്. വിഹിതം കൃത്യമായി നൽകണമെന്ന് സർവകലാശാലാ അധികൃതരും അദ്ധ്യാപക സംഘടനകളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തേ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് പരിഗണിക്കാമെന്ന നിലപാടായിരുന്നു ഐ.സി.എ.ആറിന്റേത്.
അദ്ധ്യാപകരും തുകയും
(സർവകലാശാല, അദ്ധ്യാപകരുടെ
എണ്ണം, കുടിശ്ശിക എന്ന ക്രമത്തിൽ. തുക കോടിയിൽ)
#കാർഷികം....................... 500...................12.7
#ഫിഷറീസ്........................... 54....................1.5
#വെറ്ററിനറി...................... 260................... 7.5
സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.1,00,001 രൂപയും ആർട്ടിസ്റ്റ് ദത്തൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർ, വായനക്കാർ, പ്രസാധകർ എന്നിവർക്കും സംഘടനകൾക്കും പുരസ്കാരത്തിന് പേരുകളും കൃതികളും ശുപാർശ ചെയ്യാം. പുസ്തകത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥകർത്താവിന്റെ വിശദ ബയോഡാറ്റയും സഹിതം സെക്രട്ടറി, പ്രിയദർശിനി പബ്ലിക്കേഷൻസ്, ഇന്ദിരാഭവൻ, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 15നകം അപേക്ഷ അയയ്ക്കണം. ഫോൺ: 8089121834.
കുമാരനാശാൻദേഹവിയോഗ ശതാബ്ദി അനുസ്മരണവും കവിയരങ്ങും
ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ ചടങ്ങുകൾ 16 ന് രാവിലെ 10 മുതൽ ദൈവദശകം രചനാ ശതാബ്ദി സ്മാരക മന്ദിരത്തിൽ നടക്കും. പ്രഭാഷണവും കവിയരങ്ങും ഉണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും സംബന്ധിക്കും. പങ്കെടുക്കുന്നവർക്ക് കവിതകൾ അവതരിപ്പിക്കുവാൻ അവസരമുണ്ടാകും.