തൃശൂർ: ജോലിഭാരവും സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവും നിലനിൽക്കെ, 261 പേരെ സൈബർ വിഭാഗത്തിലേക്ക് മാറ്റിയത് പ്രതിസന്ധിയായെന്ന് പൊലീസ് സേനയിലെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം ജീവനക്കാർ. കൊല്ലം, തൃശൂർ, കണ്ണൂർ റൂറൽ ജില്ലകളിൽ ടെലികമ്മ്യൂണിക്കേഷൻ സബ് യൂണിറ്റുകൾ അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല.
സംസ്ഥാനത്തെ 484 സ്റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ഡി.ജി.പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 652 ടെലി കമ്മ്യൂണിക്കേഷൻ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യവും നടപ്പായില്ല. സംസ്ഥാനത്ത് 20 സൈബർ പൊലീസ് സ്റ്റേഷനുകളിലേ ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുള്ളൂ.
പൊലീസിൽ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തപ്പെടുന്ന ഏക വിഭാഗമാണിത്. പൊലീസ് വാർത്താവിനിമയത്തിന്റെ പൂർണ ഉത്തരവാദിത്വം ഇവർക്കാണ്. പൊലീസ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന നോഡുകൾ, കൺട്രോൾ റൂമുകൾ തുടങ്ങിയവയിൽ നിലവിലുള്ളത് സാങ്കേതിക വൈദഗ്ദ്ധ്യമോ പരിശീലനമോ ഇല്ലാത്തവരാണെന്നും ആക്ഷേപമുണ്ട്. എന്നാൽ, ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ കൂടുതൽ പേരെ ആവശ്യമില്ലാത്തതിനാലാണ് നിയമിക്കാത്തതെന്നാണ് വിവരം. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതിനാലാണ് നിലവിലുള്ള ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ സൈബർ വിഭാഗത്തിലേക്ക് മാറ്റിയതത്രേ.
അതേസമയം, സൈബർ വിഭാഗത്തിലേക്ക് ഉൾപ്പെടെ പി.എസ്.സി റാങ്ക് ലിസ്റ്റിലെ 95 ശതമാനം പേർക്കും നിയമനമായില്ല. 21 പേരാണ് നിയമിക്കപ്പെട്ടത്. 393 പേർ മെയിൻ ലിസ്റ്റിലും 131 പേർ സപ്ലിമെന്ററി ലിസ്റ്റിലുമുണ്ട്. ലിസ്റ്റിന്റെ കാലാവധി ഒക്ടോബറിൽ അവസാനിക്കും.
സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള ഈ വിഭാഗത്തിൽ അതില്ലാത്തവരെയും നിയോഗിക്കുന്നു. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റായി സാധാരണ പൊലീസുകാരെ നിയമിക്കുന്നതിനാലാണ് ഞങ്ങൾക്ക് നിയമനം കിട്ടാത്തത്.
- പി.എസ്.സി റാങ്ക് ഹോൾഡർമാർ