തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മേയർ എം.കെ. വർഗീസ്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നും മേയർ 'കേരള കൗമുദിയോട്' പറഞ്ഞു. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മേയർ എം.കെ. വർഗീസ് പുകഴ്ത്തിയതും മറുപടിയും ഏറെ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേയർ എം.കെ. വർഗീസ് നിലപാട് വ്യക്തമാക്കിയത്.

താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നു. സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കോർപറേഷന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാൽ പോകാൻ താൻ ബാദ്ധ്യസ്ഥനാണ്. തൃശൂരിന് പുരോഗതി ആവശ്യമല്ലേയെന്നും മേയർ ചോദിച്ചു.

പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതി തയ്യാറാക്കുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോയെന്നും എം.കെ. വർഗീസ് ചോദിച്ചു. ഇതിനിടെ മേയറുടെ നിരന്തരമായുള്ള സുരേഷ് ഗോപി അനുകൂല പരാമർശത്തിൽ സി.പി.എമ്മിലും അതൃപ്തി പ്രകടം. സി.പി.ഐ പരസ്യമായി എതിർപ്പ് ഉയർത്തിയെങ്കിലും തങ്ങളുടെ നോമിനിയായ മേയറെ തള്ളിപ്പറയാൻ സാധിക്കാത്ത സ്ഥിതിയിലാണ് സി.പി.എം. നേതാക്കൾക്കിടയിലും അണികളിലും ഇക്കാര്യത്തിൽ അമർഷമുണ്ട്.

തൃശൂരിന്റെ വികസനകാര്യത്തിൽ മനസിൽ വലിയ പ്രതീക്ഷ കൊണ്ടുനടക്കുന്നയാളാണ് സുരേഷ് ഗോപി. വലിയ വലിയ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മേയർ പറഞ്ഞത്. ഇതിനിടെ എം.കെ. വർഗീസ് ഒല്ലൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ബി.ജെ.പിക്ക് തീരെ ശക്തിയില്ലാത്തതും ന്യൂനപക്ഷ സാന്ദ്രതയുമുള്ള ഒല്ലൂരിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതിനാൽ ന്യൂനപക്ഷ വിഭാഗക്കാരനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ ഒല്ലൂരിൽ വിജയം നേടാമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്.