kfri

തൃശൂർ: സമൂഹം ശാസ്ത്ര പ്രബുദ്ധത വീണ്ടെടുക്കണമെന്നും ആഭിചാരങ്ങൾ ആഘോഷമാക്കുന്ന പ്രവണത ഉന്നതിയിലേക്ക് നയിക്കില്ലെന്നും മന്ത്രി കെ. രാജൻ. പീച്ചി വനഗവേഷണ സ്ഥാപനത്തിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രസ്ഥാപനങ്ങൾ സമൂഹ നന്മയ്ക്കായി പ്രവർത്തനരീതികളിൽ മാറ്റം വരുത്തണം. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ വന്യജീവി സംഘർഷം എന്നീ മേഖലകളിൽ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. ശാസ്ത്രഗവേഷണ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുവർണജൂബിലി ലോഗാ പ്രകാശനവും അന്താരാഷ്ട്ര 'സൈലേറിയം' വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഔഷധ സസ്യ കർഷകരുടെ അനുഭവപാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ അദ്ധ്യക്ഷനായി. പ്രൊഫ. ബി. മോഹൻകുമാർ, ഡോ. സി.ടി.എസ്. നായർ, രേഷ്മ സജീഷ്, ഡോ. എൻ. കൃഷ്ണകുമാർ, ഡോ. കണ്ണൻ, സി.എസ്. വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ജില്ലകളിലെ 20 ഓളം ഔഷധസസ്യകർഷകരുടെ അഭിമുഖം അടങ്ങുന്ന പുസ്തകമാണ് 'ഔഷധ സസ്യ കർഷകരുടെ അനുഭവപാഠങ്ങൾ.'