xylarium
കെ.എഫ്.ആർ.ഐയിലെ സെെലേറിയം

തൃശൂർ: ലോകത്തിലെ അപൂർവ മര സാമ്പിളുകളുമായി കേരള വനഗവേഷണ സ്ഥാപനത്തിലെ സൈലേറിയം. 1979ൽ സ്ഥാപിതമായ സൈലേറിയത്തിൽ വിവിധ രാജ്യങ്ങളിലുള്ള മരങ്ങളുടെ 715ൽ അധികം സാമ്പിളുകളുണ്ട്. അന്താരാഷ്ട്ര സൈലേറിയം ശേഖരങ്ങളുടെ ഡയറക്ടറിയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. വിവിധ മരയിനങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയാണ് ലക്ഷ്യം.

വിവിധ മരങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകർക്കും വന ശാസ്ത്രജ്ഞർക്കും പരിസ്ഥിതി പ്രവർത്തകർക്കും വ്യവസായികൾക്കും മറ്റും പ്രയോജനപ്പെടുന്നതാണ് സാമ്പിളുകൾ. സാമ്പിളുകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാണ്. സൈലേറിയത്തിന്റെ ഡിജിറ്റൽ രൂപമായ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കെ.എഫ്.ആർ.ഐ. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ജപ്പാൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ മര സാമ്പിളുകളും സൈലേറിയത്തിലുണ്ട്. സാമ്പിളുകൾ https://www.xylarium.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. വിവിധയിനം തടിയിനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ശാസ്ത്രീയമായി ശേഖരിച്ച് പേരിട്ട് സൂക്ഷിച്ചിട്ടുണ്ട്.


സൈലോൺ എന്ന ഗ്രീക്ക് പദത്തിന് മരം എന്നാണ് അർത്ഥം. അതിന്റെ ശേഖരമെന്ന അർത്ഥത്തിലാണ് സൈലേറിയം എന്ന പേരിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മര സാമ്പിളുകളുടെ ശേഖരമുണ്ടെങ്കിലും പരിശോധനയ്ക്കും പഠനത്തിനുമായുള്ള വെബ്‌സൈറ്റ് ആദ്യമാണ്.