തൃശൂർ: ജില്ലയിലെ പത്തിലൊന്ന് കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസുകളിലും പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് പരിശോധനാഫലം. ഹരിതകേരളം മിഷൻ എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് ജല പരിശോധനയ്ക്കായി നൽകിയ കിറ്റുകൾ വഴി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ജില്ലയിൽ ലാബ് സംവിധാനമുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പരിശോധന നടത്തിയത്. വീടുകളിൽ നിന്നും അയൽവീടുകളിൽ നിന്നും വിദ്യാർത്ഥികൾ കുപ്പികളിൽ കൊണ്ടുവന്ന വെള്ളമാണ് പരിശോധിച്ചത്. തീരമേഖലയിലാണ് കൂടുതലായും ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളത്. ബാക്ടീരിയ സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കണം. കിണറുകൾ ശുദ്ധീകരിക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ചെയ്യണമെന്നാണ് നിർദ്ദേശം. അതേസമയം, സ്‌കൂൾ അദ്ധ്യാപകരുടെ ജോലിത്തിരക്ക് കാരണം നൂറുശതമാനം സ്‌കൂളുകളിലും പരിശോധന പൂർത്തിയാക്കാനായില്ലെന്നാണ് വിവരം.
പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ടും അവധി ദിവസങ്ങളിലുമായാണ് വിദ്യാർത്ഥികൾ ജലഗുണനിലവാര പരിശോധന നടത്തിയത്. എൻ.എസ്.എസ് വളണ്ടിയേഴ്‌സ് വീടുകളിൽ നേരിട്ട് പോയാണ് പരിശോധനയ്ക്കുള്ള വെള്ളം ശേഖരിച്ചത്. വളണ്ടിയേഴ്‌സ് ഹരിതകേരളം മിഷൻ സൈറ്റിൽ പരിശോധനാ ഫലങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നു. കിറ്റ് പൂർണമായും ഉപയോഗപ്പെടുത്തിയെന്ന നേട്ടം മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനായിരുന്നു. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്. 585 കിറ്റുകളാണ് പദ്ധതി പ്രകാരം സ്‌കൂളിന് ലഭിച്ചത്. കടങ്ങോട് പഞ്ചായത്തിലെ കിണറുകളിൽ നിന്നുള്ള വെള്ളമാണ് കുട്ടികൾ പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്.
വെള്ളത്തിലെ നൈട്രേറ്റ്
അമോണിയ
ലവണത്വം
വൈദ്യുതി ചാലകത
പി.എച്ച് മൂല്യം
ടി.ഡി.എസ്
ചിലയിടങ്ങളിൽ വെള്ളത്തിൽ നൈട്രേറ്റിന്റെ സാന്നിദ്ധ്യവും അമോണിയയും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇനിയും പരിശാേധന തുടരും. കോളിഫോം ബാക്ടീരിയക്കെതിരേ ശക്തമായ പ്രതിരോധം ഉറപ്പാക്കേണ്ടതുണ്ട്.
- സി. ദിദിക, ജില്ലാ കോ- ഓർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി