തൃശൂർ: തുരങ്കപ്പാതയായ കുതിരാൻ ഉൾപ്പെടുന്ന ആദ്യ ആറുവരിപ്പാത, വടക്കഞ്ചേരി മണ്ണുത്തി പാതയ്ക്ക് ദേശീയപാതാ അതോറിറ്റി നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പണികൾ നിരവധി ബാക്കി. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെയും ചില ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാതെയുമാണ് സർട്ടിഫിക്കറ്റ് നൽകിയത്. കരാറിലുള്ള ലോറി പാർക്കിംഗ്, തെരുവു വിളക്കുകൾ, സുരക്ഷാ സംവിധാനങ്ങൾ, സൂചനാബോർഡുകൾ തുടങ്ങിയ പണികളും ബാക്കി.
അഴുക്കുചാൽ ശാസ്ത്രീയമായി നിർമ്മിക്കാതെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണികൾ നടത്താതെയും നിർമ്മാണം പൂർത്തിയാക്കിയതിലും പ്രതിഷേധമുണ്ട്. മണ്ണെടുത്ത സ്ഥലങ്ങളിൽ സുരക്ഷാമതിൽ പണിതിട്ടില്ല. നിർമ്മാണത്തിലെ കാലതാമസവും അശാസ്ത്രീയതയും കരാർകമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും സ്ഥലമേറ്റെടുപ്പിലെ തർക്കങ്ങളും അടക്കമുള്ള നിരവധി പ്രതിസന്ധികളെ തുടർന്ന് മുടന്തി നീങ്ങിയ റോഡ് നിർമ്മാണത്തിന് ഒന്നരപതിറ്റാണ്ടോടെയാണ് പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടുന്നത്. നിർമ്മാണത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. മണ്ണിടിച്ചിൽ അടക്കം നിരവധി സുരക്ഷാപ്രശ്‌നങ്ങളും ഉയർന്നു. അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയായി.
എല്ലാം പൂർത്തിയാക്കിയെന്ന് കമ്പനി
കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കപാത, പ്രധാന റോഡ്, സർവീസ് റോഡ്, പാർക്കിംഗ് ഏരിയ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ, അടിപ്പാതകൾ, തെരുവു വിളക്കുകൾ തുടങ്ങി കരാറിൽ നിർദ്ദേശിച്ച എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അറിയിച്ചതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. നിർമ്മാണം നടക്കുന്ന ജോലികൾ കരാറിന് ശേഷം കൂട്ടിച്ചേർത്തതാണെന്നാണ് കമ്പനിയുടെ വാദം. ഇതും അതോറിറ്റി അംഗീകരിച്ചു. മൂന്ന് അടിപ്പാതകളും സർവീസ് റോഡും ഉൾപ്പെടെയുള്ള ജോലികൾ കരാറിലുൾപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
റോഡിന്റെ ദൂരം: 27.5 കിലോമീറ്റർ
പൂർത്തിയാക്കാൻ കരാർ കാലാവധി: 30 മാസം
കരാർ ഒപ്പുവെച്ചത്: 2009 ആഗസ്റ്റ് 9ന്
അവസാനിക്കേണ്ടിയിരുന്നത്: 2012 ഫെബ്രുവരിയിൽ.
സ്ഥലമേറ്റെടുത്തത്: 60 മീറ്റർ
കരാർ തുക: 1280 കോടി
ടോൾ കാലാവധി: 2032 മാർച്ച്
പണികൾ ഇനിയുമേറെ
തുരങ്കമുഖത്ത് മലയിൽ നിന്ന് ജീവികൾ താഴേക്ക് വീഴാതിരിക്കാൻ സുരക്ഷാ വേലി പണിതില്ല
മലയുടെ മുകളിലെ മഴവെള്ളം ഒഴുകാനായി നീർച്ചാൽ നിർമ്മാണം തുടങ്ങാനായില്ല.
ടണലിനുള്ളിലെ വൈദ്യുതി സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പൂർണ്ണസജ്ജമല്ല
വാണിയമ്പാറയിൽ സർവീസ് റോഡും മുല്ലക്കര ഫുട്ട് ഓവർബ്രിഡ്ജ് പണിയും ബാക്കി
പാറ പൊട്ടിച്ചപ്പോൾ കേടുവന്ന വീടുകൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണവും പൂർത്തിയായിട്ടില്ല.