പാവറട്ടി : എളവള്ളി പഞ്ചായത്തിലെ എളവള്ളി ബ്രഹ്മകുളം ഗ്രൂപ്പ് വില്ലേജിൽപ്പെട്ട ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ ലാന്റ് റീ സർവേയ്ക്ക് തുടക്കം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ ലാന്റ് റീ സർവെ. എന്റെ ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവേയും ഭൂരേഖയും വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റീ സർവേ പൂർത്തീകരിക്കുന്നതോടെ ഭൂ ഉടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കും. കൂടാതെ ഓരോ ഭൂ ഉടമയുടെയും ഭൂമിക്ക് പ്രത്യേകം റീസർവെ നമ്പറുകളും നാലതിരിലെ അളവുകളും തയ്യാറാക്കും. തർക്കങ്ങൾ ഇല്ലാത്ത ഭൂമിയാണ് ആദ്യഘട്ടത്തിൽ അളക്കുന്നത്. പിന്നീട് തർക്കങ്ങൾ പരിഹരിക്കുന്നതിന് വില്ലേജ് തലത്തിലും താലൂക്ക് തലത്തിലും തർക്കപരിഹാര അദാലത്തുകൾ സംഘടിപ്പിക്കും.
ഡിജിറ്റൽ റീസർവേ മുരളി പെരുനെല്ലി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. തൃശൂർ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ എം.എ.ആശ, ജനപ്രതിനിധികളായ എൻ.ബി.ജയ, ടി.സിമോഹനൻ, ചെറുപുഷ്പം ജോണി, ശ്രീബിത ഷാജി, എം.പി.ശരത് കുമാർ, പി.എം.അബു, പി.ജി.സുബിദാസ്, വില്ലേജ് ഓഫീസർ ടി.വി. ജോയ്‌സി, തൃശ്ശൂർ സർവ്വേ സൂപ്രണ്ട് സി.എ.ജെല്ലി, തൃശൂർ സർവ്വേ (റെയ്ഞ്ച്) അസി.ഡയറക്ടർ പി.എ.ഷാജി, ചാവക്കാട് താലൂക്ക് ജൂനിയർ സൂപ്രണ്ട് പി.രാജൻ, ഹെഡ് സർവേയർ ഇൻ ചാർജ് പി.വി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.