തൃശൂർ: വിരമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് സ്‌നേഹാദരവും മികച്ച വിജയം നേടിയ മാദ്ധ്യമ പ്രവർത്തകരുടെ മക്കൾക്ക് അനുമോദനവും നൽകി. മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർത്തകൾക്കുവേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നതിനേക്കാൾ വാർത്തകളുടെ യാഥാർഥ്യം ജനങ്ങളുടെ മുമ്പിലെത്തിക്കാനുള്ള ശൈലി മാദ്ധ്യമ പ്രവർത്തകർ ഉയർത്തിപിടിക്കുന്നത് സന്തോഷം നൽകുന്ന മാതൃകയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കളക്ടർ വി.ആർ. കൃഷ്ണതേജ മാദ്ധ്യമ പ്രവർത്തകരുടെ മക്കളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷയായി. ഉണ്ണി കെ. വാരിയർ, ബി. ജ്യോതികുമാർ (മലയാള മനോരമ), സുമം മോഹൻദാസ് (ദേശാഭിമാനി), സി.ജി. സുനിൽകുമാർ (കേരള കൗമുദി), പോൾ മാത്യു (ദീപിക) എന്നിവരെ മന്ത്രി കെ. രാജൻ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി റാഫി എം. ദേവസി നന്ദിയും പറഞ്ഞു.