കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിന്റെ പേര് നിലനിറുത്താൻ നഗരാതിർത്തിയിൽ തന്നെ കോടതി സമുച്ചയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെയും അഭിഭാഷകരുടെുയും ഏറെക്കാലത്തെ ആവശ്യമായിരുന്നു കൊടുങ്ങല്ലൂരിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോടതി സമുച്ചയം സ്ഥാപിക്കണമെന്നുള്ളത്. നഗരസഭാ അധീനതയിലുള്ള അരാകുളം ശിൽപ്പി തിയറ്റർ പൊളിച്ചു നീക്കിയ സ്ഥലത്ത് കോടതി സമുച്ചയം പണിയാനുള്ള നിർദ്ദേശവും ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രമേയവും പസാക്കിയിരുന്നു. എൽ.ഡി.എഫും നഗരസഭയും ഈ തീരുമാനത്തെ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നിലനിൽക്കെയാണ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിന് പുറത്തേക്ക് കോടതി കൊണ്ടുപോകാനുള്ള ധൃതി പിടിച്ച നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എറിയാട് കോടതി സമുച്ചയം നിർമ്മിച്ചാൽ ഭാവിയിൽ എറിയാട് കോടതിയെന്നോ കയ്പമംഗലം കോടതിയെന്നോ വിളിപ്പേരായി മാറുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കൊടുങ്ങല്ലൂർ നഗരസഭാതിർത്തിൽ നിരവധി ചിട്ടി സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥാപനങ്ങൾ മുഖേന നിരവധി സിവിൽ, ക്രിമനൽ കേസുകളുമുണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉള്ളവർക്ക് നാല് കിലോമീറ്റർ ദൂരമുള്ള അവികസിതമായ എറിയാട് പോയി വരാൻ ബുദ്ധിമുട്ടാണെന്നും പറയുന്നു. തീരുമാനം പിൻവലിച്ച് കോടതി സമുച്ചയം കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ തന്ന നിലനിറുത്തണമെന്ന് മേത്തലയിലെ ജെ.ഡി. സഭ ആവശ്യപ്പെട്ടു.

അരാക്കുളത്ത് വികസനം വരും
ശിൽപ്പി തിയറ്റർ പൊളിച്ചു മാറ്റിയ സ്ഥലത്ത് കോടതി സമുച്ചയം വരികയാണെങ്കിൽ അരാക്കുളത്ത് വികസന സാദ്ധ്യത ഏറെയാണ്. വാഹനങ്ങൾ വരാനും പോകാനും റോഡ് സൗകര്യവുമുണ്ട്. തൊട്ടരികിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുമുണ്ട്. യാത്രാ സൗകര്യം നല്ലതുപോലെയുമുണ്ട്.