കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുയും അവ നിലനിൽക്കുന്ന പ്രദേശത്തെയും സമൂഹത്തെയും ഉൾക്കൊള്ളുന്ന രീതിയാണ് മുസിരിസ് പദ്ധതിയുടെ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റെയും അടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും പ്രദേശിക ജനതയ്ക്ക് ഉപയുക്തമായും നടപ്പാക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്‌ലാമിക് ഡിജിറ്റൽ ആർക്കൈവ്‌സ്, മുസിരിസ് വെബ്‌സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം പൊലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വി.ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മുസിരിസ് പാസ്‌പോർട്ട് എന്ന നവീന പദ്ധതിക്കും തുടക്കമായി.
ആദ്യ മുസിരിസ് പാസ്‌പോർട്ട് വി.ആർ സുനിൽകുമാർ എം.എൽ.എയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് കൈമാറി. മുസിരിസ് പൈതൃക പദ്ധതി സംബന്ധിച്ച റിപ്പോർട്ട് മനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ്കുമാർ അവതരിപ്പിച്ചു. പദ്ധതിയുടെ കോൺട്രാക്ടർ കെ.ജി. മുരുകൻ, പി.കെ. അബ്ദുൾ ലത്തീഫ് എന്നിവരെ മന്ത്രി ആദരിച്ചു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു, ടൂറിസ് വകുപ്പ് ഡയക്ടർ ശിഖ സുരേന്ദ്രൻ ഡോ. കെ. മനോജ്കുമാർ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, വൈസ് ചെയർപേഴ്‌സൺ അഡ്വ. വി.എസ്. ദിനൽ തുടങ്ങിയവർ പങ്കെടുത്തു.
മുസിരിസ് പാസ്പോർട്ട് എന്നാൽ
മുസിരിസ് പ്രദേശത്തുള്ള മുപ്പതോളം സ്മാരക /മ്യൂസിയങ്ങൾ സന്ദർശിക്കുന്നതിനായി 500 രൂപ നൽകി മുസിരിസ് പാസ്‌പോർട്ട് എടുക്കാം. ആറു മാസം കാലയളവിനുള്ളിൽ സന്ദർശിക്കുന്ന സഞ്ചാരികളെ മുസിരിസിന്റെ അംബാസഡർമാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണിത്.