sivan
പൂജാമുറിയിൽ പി.എൻ.ശിവൻ (ഫോട്ടോ: റാഫി എം.ദേവസി)

തൃശൂർ: യു.പി ക്‌ളാസിൽ പഠിപ്പിച്ച അദ്ധ്യാപകൻ ചോദ്യങ്ങൾ ചോദിക്കവേ ശിവന്റെ നേരെ വിരൽചൂണ്ടി പറഞ്ഞു: 'ആ പറക്കൊച്ചൻ പറയട്ടെ'. എന്താണ് തന്നെ പേര് വിളിക്കാത്തതെന്ന് ശിവന് അറിയില്ലായിരുന്നു. പറയ സമുദായക്കാരനായതുകൊണ്ടാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അന്ന് ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ചാലക്കുടി കറുകുറ്റി പൈപ്പാറ വീട്ടിൽ പി.എൻ. ശിവൻ ഇപ്പോൾ ഗുരുവായൂരിൽ ജോയിന്റ് ആർ.ടി.ഒ.

പേര് ശിവനെന്നാണെങ്കിലും വീട്ടിലെ പൂജാമുറിയിൽ ദൈവങ്ങളില്ല. ഭരണഘടനയും അംബേദ്കറുടെയും അയ്യങ്കാളിയുടെയും ശ്രീബുദ്ധന്റെയും ഫോട്ടോകളും മാത്രം. കെടാവിളക്കിൽ അതെല്ലാം ജ്വലിക്കുന്നു. എന്നും വിളക്കിനു മുന്നിൽ ശിവൻ ഭരണഘടന വായിക്കും. ലോകത്തിനായി പ്രാർത്ഥിക്കും.

വീട്ടുമതിലിൽ ഭരണഘടനയിലെ വാചകങ്ങളും അംബേദ്കറിന്റെയും ഗുരുദേവന്റെയും ശ്രീബുദ്ധന്റെയും അയ്യങ്കാളിയുടെയും വചനങ്ങളും എഴുതിയിട്ടു. ഉന്നത ബിരുദങ്ങൾ ഉള്ളവർപോലും അതുകണ്ട് ചോദിക്കും, 'വേറെ പണിയില്ലേ?'. 'മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരനോട് വിവേചനം കാണിക്കരുതെ'ന്ന ഭരണഘടനാ വാക്യമാണ് മറുപടി. ഭാര്യ പ്രിയയെയും മകൾ ശിവപ്രിയയെയും ശിവൻ ഇടയ്ക്കിടെ ഭരണഘടന വായിച്ചു കേൾപ്പിക്കും.

കുട്ടയും മുറവും

വിറ്റുനടന്ന ബാല്യം

പിതാവ് നീലനും മാതാവ് തങ്കമ്മയും കുട്ടയും മുറവും നെയ്താണ് കുടുംബം പുലർത്തിയത്. രാപകൽ പണിചെയ്തിട്ടും പട്ടിണിക്ക് മാറ്റമുണ്ടായില്ല. അങ്ങനെ ഒരുനാൾ ശിവൻ കോഴിയെ വിറ്റ് നാടുവിട്ടു. ആലുവയിലെ ഹോട്ടലിലും ഇഷ്ടികക്കളങ്ങളിലും പണിയെടുത്തു. പിന്നീട് നാട്ടിലെത്തി പഠനം തുടർന്നു. പത്താം ക്‌ളാസിലായിരിക്കേ ആലുവ ശിവരാത്രിക്കും കണ്ണമാലി പെരുന്നാളിനും കൊടുങ്ങല്ലൂർ ഭരണിക്കും കുട്ടയും മുറവും വിറ്റുനടന്നു. പരീക്ഷാഫലം വന്നപ്പോൾ ഫസ്റ്റ് ക്‌ളാസ്!. പക്ഷേ, ഹെഡ്മാസ്റ്ററായിരുന്ന ഫാദർ ചോദിച്ചു: 'നിനക്കും ഫസ്റ്റ് ക്‌ളാസോ?'. കലാകായിക മത്സരങ്ങളിൽ സമ്മാനം നേടിയപ്പോഴും ഉപജില്ലാമത്സരങ്ങളിൽ കൊണ്ടുപോകാൻ അദ്ധ്യാപകർക്ക് താത്പര്യമില്ലായിരുന്നു. ഓട്ടോമൊബൈൽ എൻജിനിയറിംഗ് പഠനം കഴിഞ്ഞാണ് മോട്ടോർ വാഹനവകുപ്പിൽ ജോലി കിട്ടിയത്. ജോലിക്ക് പോകുന്നില്ലേ, എന്നതിന് പകരം പണിക്ക് പോകുന്നില്ലേയെന്ന് ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്.

'മനുഷ്യനെ മനുഷ്യനായി കാണാത്ത മതം രോഗമാണെന്നാണ് അംബേദ്കർ പറഞ്ഞത്. ആ രോഗം അലങ്കാരമാക്കുന്ന ബുദ്ധിവികാസമില്ലാത്തരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

പി.എൻ.ശിവൻ