ചേർപ്പ് പെരുവനം കേരളലക്ഷ്മി സ്‌കൂളിൽ 1968 കാലത്ത് പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നപ്പോൾ. അന്നത്തെ അദ്ധ്യാപകനായിരുന്ന മുല്ലനേഴി ശിവദാസൻ നമ്പൂതിരി, ഇന്നത്തെ സ്‌കൂൾ പ്രധാന അദ്ധ്യാപിക ലിനെറ്റ് എന്നിവരും ഒപ്പം.
ചേർപ്പ് : വിശാലമായ വിദ്യാലയ മുറ്റത്ത് പഴയ മദിരാശി മരങ്ങൾ ഇന്നില്ലെങ്കിലും പഠനകാലത്തെ ഒരുപിടി നല്ല ഓർമ്മകൾ പങ്കുവച്ച് പെരുവനം കേരള ലക്ഷ്മി സംസ്‌കൃതം യു.പി. സ്‌കൂളിൽ 1968 കാലത്ത് ഏഴാം ക്ലാസിൽ പഠിച്ച ഇരുപതിലേറെ പൂർവ വിദ്യാർത്ഥികളും അക്കാലത്തെ അദ്ധ്യാപകൻ മുല്ലനേഴി ശിവദാസൻ നമ്പൂതിരിയും സ്‌കൂളിൽ ഒത്തുചേർന്നത് മധുരമായ വിദ്യാലയ ഓർമ്മകളുടെ സമാഗമമായി. അറുപതുകളിൽ ഇരുന്നൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന കേരള ലക്ഷ്മി സംസ്‌കൃത സ്‌കൂളിൽ യു.പി. വിഭാഗത്തിൽ മാത്രമായിരുന്നു സംസ്‌കൃതം വിഷയത്തിൽ പഠനം നടന്നിരുന്നത്. അക്ഷരങ്ങൾ എഴുതി ഹൃദ്യസ്ഥമാക്കി പഠിച്ചിരുന്ന രീതിയിൽ നിന്നും ഏറെ മാറ്റങ്ങൾ വന്ന ഈ പുതുസമ്പ്രദായങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനാവുന്നില്ലെന്ന് മുൻ അദ്ധ്യപകനായിരുന്ന ശിവദാസൻ നമ്പൂതിരി പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് ഒരുക്കിയ കുട്ടിക്കൂട്ടം പരിപാടി പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ മനോഹർലാൽ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ലിനെറ്റ്, പൂർവ വിദ്യാർത്ഥികളായ രവികുമാർ, കെ.എസ്. മോഹനൻ, വി.കെ. വിജയൻ, ഗോപാലകൃഷ്ണൻ, പി.എസ്. വിജയൻ, അറുമുഖൻ, ജോണി, പോൾ, കെ.എ. പോൾ, ജോസ് മുറ്റിച്ചൂക്കാരൻ, ദിവാകരൻ, ബാലൻ, രാധ, സതി, ശ്യാമള, രമണി, ജോസ് എന്നിവർ പങ്കെടുത്തു. പഠനകാലത്ത് ഉണ്ടായിരുന്ന പല അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ ഓർമ്മ വേദിയായും സമാഗമം മാറി. അടുത്ത വർഷം 100-ാം വാർഷികം ആഘോഷിക്കുന്ന കേരള ലക്ഷ്മി സ്‌കൂളിന് പൂർവവിദ്യാർത്ഥി കൂട്ടായ്മ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.