കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിൽ അടിപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. സി.ഐ ഓഫീസ് സിഗ്‌നലിൽ അടിപ്പാതയോ സ്‌മോൾ വെഹുക്കലർ അണ്ടർപാസേജോ ലഭിക്കുന്നതിനായാണ് ചർച്ച നടത്തുക. ദേശീയപാത വികസനത്തിന്റെ ഭാഗമായി സി.ഐ ഓഫീസ് സിഗ്നൽ ജംഗ്ഷൻ അടച്ചുകെട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എലിവേറ്റഡ് ഹൈവേ സമര സമിതി പ്രക്ഷോഭവുമായി ഇപ്പോഴും സമര രംഗത്തുമുണ്ട്.
പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്താൻ സാഹചര്യം ഒരുങ്ങുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്താൻ സാഹചര്യമൊരുക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചിട്ടുണ്ട്. പാലക്കാട് ബി.ജെ.പി ജില്ലാ കാര്യാലയത്തിലെത്തിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നതിനിടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. കൊടുങ്ങല്ലൂർ ബൈപാസിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പടിഞ്ഞാറ് ഭാഗത്തുള്ള ജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ സംഘം മന്ത്രിയെ ധരിപ്പിച്ചു. നിലവിൽ സിഗ്‌നലുള്ള ഭാഗത്ത് ബസിനു പോകാനുള്ള അടിപായോ സ്‌മോൾ വെഹുക്കുലർ അണ്ടർപാസേജോ അനുവദിച്ച് തരുന്നതിന് വേണ്ടി മന്ത്രി ഇടപെടണമെന്നും അഭ്യർത്ഥിച്ചു. ഇതിനു മറുപടിയാണ് മന്ത്രി ജോർജ് കുര്യൻ ഈ വിഷയം കേന്ദ്രമന്ത്രി ഗഡ്കരിയുമായി സംസാരിക്കാമെന്നും ആവശ്യമെങ്കിൽ വീണ്ടും മന്ത്രിയെ കാണാനുള്ള സാഹചര്യം ഒരുക്കാമെന്നും പറഞ്ഞത്.