dd
അമേയ

വടക്കാഞ്ചേരി : എരുമപ്പെട്ടി ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ ഏക മകൾ അമേയയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി 11.15 ഓടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തിയത്.

സംഭവസമയത്ത് വീട്ടിൽ മുത്തശ്ശിയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. മാതാപിതാക്കൾ വീടിന് സമീപം വ്യാപാര സ്ഥാപനം നടത്തിവരികയാണ്. രാത്രിയിൽ ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ളയാളാണ് സുരേഷ് ബാബു. മാതാവ് ജിഷയാണ് അയൽവാസികളെ വിവരമറിയിച്ചത്.

കുട്ടി ഉയരമില്ലാത്ത ആൾമറയിൽ കയറി കിണറ്റിലേക്ക് വീഴുകയായിരുന്നെന്നാണ് കരുതുന്നത്. കുന്നംകുളത്ത് നിന്ന് അഗ്‌നിരക്ഷാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എരുമപ്പെട്ടി പൊലീസ് തുടർനടപടി സ്വീകരിച്ചു. അന്വേഷണം നടത്തിവരികയാണെന്നും പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു