കൊടുങ്ങല്ലൂർ : കോട്ടപ്പുറം കായലോരത്തുള്ള ആംഫി തീയേറ്ററിലെ ഇരിപ്പിടങ്ങളും ഡ്രൈനേജും, വിളക്കും സംബന്ധിച്ച പരാതികൾ പരിഹരിക്കുമെന്ന് മുസിരീസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ ഡോ.കെ.മനോജ് കുമാർ അറിയിച്ചു. എല്ലാ വിളക്കും പരമാവധി കേടുപാട് മാറ്റി എല്ലാ ദിവസങ്ങളിലും മുടക്കം വരാതെ പ്രവർത്തിപ്പിക്കുന്നുണ്ട്.

ഇവിടെ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി ലൈറ്റും സി.സി.ടി.വി ക്യാമറകളും നിരന്തരം പ്രവർത്തന രഹിതമാകുന്നത് സ്വകാര്യ വക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിലെ മരക്കൊമ്പുകൾ നിരന്തരം വന്നിടിക്കുന്നത് കൊണ്ടാണ്. ഇത് തുടരുന്നത് വലിയ ധനവ്യയം ഉണ്ടാക്കുന്നതിനാൽ ശാശ്വതമായ പരിഹാരത്തിന് കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

വാട്ടർ ഫ്രണ്ടിന് മുൻവശത്തെ ഡ്രൈനേജിലെ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടിയാരംഭിച്ചിട്ടുണ്ട്. മുസിരിസ് പദ്ധതിയുടെ ഭാഗമായി നവീകരിച്ച കപ്പേളയ്ക്ക് മുൻവശമുള്ള ഡ്രൈനേജിലെ മാലിന്യങ്ങൾ മുഴുവനും നീക്കം ചെയ്തിരുന്നു. കോട്ടപ്പുറം മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന വാട്ടർ ഫ്രണ്ട് നടപ്പാത കൊടുങ്ങല്ലൂർ ഭാഗത്തുള്ള ഒരു വിനോദ മേഖലയാണ്. കുട്ടികൾക്കായുള്ള പാർക്ക്, കിയോസ്‌ക്കുകൾ, റെസ്റ്റോറന്റുകൾ, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഈ മേഖലയിലെ ഒട്ടു മിക്ക സാംസ്‌കാരിക പരിപാടികളും നടക്കുന്ന വേദിയാണ് ആംഫി തീയേറ്റർ. ആംഫി തീയേറ്റർ, വാട്ടർ ഫ്രണ്ട്, കോട്ടപ്പുറം മാർക്കറ്റ് എന്നിവയുടെ കൂടുതൽ നവീകരണം ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ആരംഭിക്കും. നിലവിൽ പുതിയ ബോട്ട് മാത്രമാണ് മുസിരിസിൽ സർവീസ് നടത്തുന്നത്. മാരി ടൈം ബോർഡിന്റെ പരിശോധന പ്രകാരം പഴയ ബോട്ടുകളുടെ എൻജിൻ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ പുതിയ ബോട്ടുകൾ കൊണ്ടുവരാനും, പഴയ ബോട്ടുകൾ ഉപയോഗയോഗ്യമായ രീതിയിൽ റിപ്പയർ ചെയ്യാനും വേണ്ട നടപടികൾ പൂർത്തിയായി വരികയാണ്.