കൊടുങ്ങല്ലൂർ: ദൈനംദിന ഭാഷയ്ക്കകത്ത് ശ്രുതിഭേദങ്ങളും താളങ്ങളും കണ്ടെടുക്കുകയാണ് സിനിമാഗാനങ്ങളിലൂടെ പി.ഭാസ്കരൻ ചെയ്തതെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ. സംഗീത നാടക അക്കാഡമിയുടെയും പി.ഭാസ്‌കരൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സാഹിത്യ അക്കാഡമി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പി.ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്‌നേഹം. ജോലി തേടിപ്പോകുന്ന പിതാക്കന്മാരെ കുറിച്ചും അവരുടെ വിഹ്വലതകളെക്കുറിച്ചും അദ്ദേഹം പതിറ്റാണ്ടുകൾക്ക് മുമ്പേ എഴുതി. നിറഞ്ഞ കണ്ണുകളാണ് പി.ഭാസ്‌കരന്റെ കവിതകളിലുള്ളത്. ഭാവസാന്ദ്രതയും ശിൽപ്പസൗന്ദര്യവും സമന്വയിപ്പിച്ചുള്ള രചനാ ശൈലിയാണതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. നിരൂപകൻ ഇ.പി.രാജഗോപാലൻ, അക്കാഡമി വൈസ് ചെയർമാൻ പുഷ്പാവതി എന്നിവർ സംസാരിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ സെമിനാർ നടന്നു.
സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി , പി.എൻ.ഗോപീകൃഷ്ണൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ, പി.ഭാസ്‌കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ, സെകട്ടറി സി.എസ്.തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല, പ്രൊഫ.കെ.അജിത തുടങ്ങിയവർ സംബന്ധിച്ചു. പി.ഭാസ്‌കരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'മഞ്ഞണിപ്പൂനിലാവ്' ഗാനസന്ധ്യയും അരങ്ങേറി.