തൃശൂർ: കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ മാത്രം ബാക്കിയുള്ളപ്പോൾ കോർപറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിയിൽ പ്രതിസന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വി.എസ്. സുനിൽ കുമാറിന്റെ തോൽവിക്ക് മേയർ എം.കെ. വർഗീസിന്റെ സുരേഷ് ഗോപി അനുകൂല നിലപാടുകൾ കാരണമായെന്ന് സി.പി.ഐ ആരോപിക്കുന്നു. ഇതോടെ എൽ.ഡി.എഫിനെ പോലും ഞെട്ടിച്ച് മേയറുടെ രാജിക്കായി സി.പി.ഐ രംഗപ്രവേശം ചെയ്തതാണ് പ്രതിസന്ധി.
സുരേഷ് ഗോപിയുമായുള്ള മേയറുടെ അടുപ്പത്തെ ഇതുവരെ പാർട്ടി വേദികളിലാണ് അപലപിച്ചതെങ്കിൽ ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്നെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് തുറന്നടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മേയർ നടത്തിയ പരമാർശങ്ങൾ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ തുടർ ഭരണം നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കോൺഗ്രസ് വിമതനായി ജയിച്ച എം.കെ. വർഗീസിനെ മേയറാക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചത്. ഇതുപ്രകാരം രണ്ടുവർഷം കഴിയുമ്പോൾ മേയർ സ്ഥാനം ഒഴിയണമെന്ന ധാരണ സി.പി.എം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. ഭരണകാലാവധി എങ്ങനെയെങ്കിലും പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സി.പി.എം നേതൃത്വം.
മേയർ പദവിയിലേക്കെന്ന് ഉയർത്തിക്കാണിച്ച് ജയിച്ചുവന്ന സി.പി.എം കൗൺസിലർമാർ പോലും ആ സ്വപ്നം ഉപേക്ഷിച്ച മട്ടാണ്. ഭരണത്തിൽ തന്റെ നിലപാടുകളിൽ നിന്ന് പിറകോട്ട് പോകാൻ എം.കെ. വർഗീസ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. 55 അംഗ കൗൺസിലിൽ മേയർ അടക്കം 25 പേരാണ് ഭരണ പക്ഷത്തുള്ളത്. കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറ് അംഗങ്ങളുമുണ്ട്. എൽ.ഡി.എഫിനോട് പിണങ്ങി മേയർ രാജിവച്ചാൽ ഭരണം തുലാസിലാകും.
ഒന്നും കിട്ടാതെ സി.പി.ഐ
മൂന്നരക്കൊല്ലത്തെ എൽ.ഡി.എഫ് ഭരണത്തിൽ നാല് അംഗങ്ങളുള്ള സി.പി.ഐക്ക് ലഭിച്ചത് അപ്രധാന വകുപ്പായ ടാക്‌സ് അപ്പീൽ കമ്മിറ്റി മാത്രം. ഒരു വർഷം മുമ്പ് ഡെപ്യൂട്ടി മേയർ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നിലധികം പേർ അവകാശവാദം ഉന്നയിച്ചതോടെ സി.പി.എം സ്വതന്ത്രയായി വിജയിച്ച എം.എൽ. റോസിയെ സ്ഥാനത്തേക്ക് അവരോധിക്കുകയായിരുന്നു. ഇപ്പോൾ മേയർ സ്ഥാനവും ഡെപ്യുട്ടി മേയർ സ്ഥാനവും സി.പി.ഐ മോഹിക്കുന്നുണ്ടെങ്കിലും ആരും രാജിവയ്ക്കാൻ തയ്യാറാകുന്നില്ല. ഒരു അംഗമുള്ള കക്ഷികൾക്ക് പോലും പ്രാധാന്യമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികൾ നൽകിയപ്പോഴാണ് ടാക്‌സ് കമ്മിറ്റിയിലേക്ക് ഒതുക്കിയതെന്നാണ് സി.പി.ഐയുടെ പരാതി. എൽ.ഡി.എഫിലെ ധാരണപ്രകാരം ഒരു വർഷം ഡെപ്യുട്ടി മേയർ സ്ഥാനവും ഒരു വർഷം മേയർ സ്ഥാനവും സി.പി.ഐക്കായിരുന്നു.
കൗൺസിലിലേക്ക് ഇനിയില്ല
അർഹമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ കൗൺസിൽ യോഗത്തിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് സി.പി.ഐ ജില്ലാ നേതൃത്വം. ഇക്കാര്യം കൗൺസിലർമാരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മേയർ അടിയന്തര കൗൺസിൽ വിളിച്ചെങ്കിലും സി.പി.ഐ ബഹിഷ്‌കരിക്കുമെന്ന് അറിഞ്ഞതോടെ മാറ്റിവച്ചു. സി.പി.ഐ കൗൺസിൽ പങ്കെടുത്തില്ലെങ്കിൽ ഭരണപക്ഷം ന്യൂനപക്ഷമാകും.