ചെറുതുരുത്തി: റോഡിൽ ചെളിവെള്ളം നിറഞ്ഞതോടെ സിമന്റ് കട്ടകൾ നിരത്തി അതിനു മുകളിലൂടെ യാത്ര ചെയ്യുകയാണ് ഇരുപതോളം കുടുംബങ്ങൾ. ചെറുതുരുത്തി-വള്ളത്തോൾ നഗർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ താഴപ്ര പുതിയ നിസ്‌കാര പള്ളിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡാണിത്. ലക്ഷങ്ങൾ ഉപയോഗിച്ച് നിർമ്മാണം നടത്തിയ കോൺക്രീറ്റ് റോഡിലാണ് ചെളി വെള്ളം കെട്ടിനിൽക്കുന്നത്. തുടർന്ന് കഴിഞ്ഞദിവസം ഒരു ലോഡ് ഹോളോബ്രിക്‌സ് കട്ട ഇറക്കി നടക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. റോഡിലെ മാലിന ജലം മൂലം പ്രദേശത്തെ കിണറുകളിലെ വെള്ളം കുടിക്കാൻകഴിയാത്ത അവസ്ഥയാണ്. വൃദ്ധരും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡിന് പരിഹാരം കണ്ടെത്താൻ നിരവധി തവണയാണ് പ്രദേശവാസികൾ ഓഫീസുകൾ കയറിയിറങ്ങുന്നത്. റോഡിന്റെ ശോചനീയാവസ്ഥമൂലം ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡിലെ ചെളിയിലൂടെയുള്ള യാത്ര പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന ഭയത്തിലാണ് ഇരുപതോളം കുടുംബങ്ങൾ.
കാലവർഷം കനത്തതോടെ പകർച്ചവ്യാധികൾ വ്യാപകമായി പടരുകയാണ്. റോഡിൽ വെള്ളം കെട്ടിനിന്ന് ചെളി അടിയുകയും ഇതിൽനിന്ന് ദുർഗന്ധം പരക്കുകയുമാണ്. ഇതിലൂടെയുള്ള യാത്ര കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിവിധ അസുഖങ്ങൾക്ക് കാരണമാകും. ശുചീകരണ പ്രവർത്തനത്തിന് നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പും ഇവിടെ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.