chira
മനസ്സു നിറയും കാഴ്ചയായി നിറഞ്ഞൊഴുകുന്ന പാറന്നൂർ ചിറ

കേച്ചേരി: മഴ ശക്തമായതോടെ സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിറഞ്ഞൊഴുകി പാറന്നൂർ ചിറ. വെള്ളച്ചാട്ടം കാണാൻ അവധി ദിവസങ്ങളിൽ സന്ദർശകരുടെ തിരക്കേറുകയാണ്. വാഴാനി ഡാമിൽനിന്നു പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ചിറകളിലും തോടുകളിലും നിറഞ്ഞ കാഴ്ചയാണ് ചിറയിലെ ദൃശ്യഭംഗി. വികസനത്തിന്റെ ഭാഗമായി പാറന്നൂർ ചിറ ടൂറിസം വില്ലേജിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഓപ്പൺ സ്‌റ്റേജ്, സന്ദർശകരെ വരവേൽക്കാൻ കവാടം, ഇരിപ്പിടം, ഹൈമാസ് ലൈറ്റുകൾ എന്നിവ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചത് സന്ദർശകരെ ചിറയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. രണ്ടുവർഷം മുമ്പ് പാറന്നൂർചിറയിൽ ഓപ്പൺ ജിം സംവിധാനം ഒരുക്കിയിരുന്നു. ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 7.28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. നിർമിതി കേന്ദ്രമാണു ചിറയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. വടക്കാഞ്ചേരി പുഴ വഴിയെത്തുന്ന വെള്ളം ചിറയിൽ സംരക്ഷിക്കുന്നതോടൊപ്പം കൃഷിക്കും ഉപയോഗപ്രദമായ രീതിയിലാണു വികസന പ്രവർത്തനം. ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കണ്ടാണിശ്ശേരി, തോളൂർ, വേലൂർ, പഞ്ചായത്തുകളിലെ കർഷകർ കൃഷിയെ ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ചൂണ്ടൽ പഞ്ചായത്തിലെ പ്രധാന ജലസംഭരണിയായ പാറന്നൂർ ചിറയോട് ചേർന്നുള്ള വലിയ ചിറ, ചെറിയ ചിറ,നിലംപതി ചിറ എന്നിവയും സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. കൂടാതെ നിരവധി ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ് ഈ പ്രദേശം.പാറന്നൂർ ചിറ ഒട്ടേറെ സിനിമകൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും വേദിയായിട്ടുണ്ട്. ബോട്ട് സൗകര്യം, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ചിറയുടെ മുകളിലൂടെ ഒരു തൂക്കുപാലം എന്നിവ നിർമ്മിച്ചാൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കാനാകുമെന്ന് പ്രദേശ വാസികൾ പറയുന്ന. ചിറയ്ക്കു സമീപം നീന്തൽ പരിശീലന കേന്ദ്രവും കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഘുഭക്ഷണശാലകളും ഒരുക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.


വഴി


തൃശൂർ-കുന്നംകുളം സംസ്ഥാന പാതയിൽ കേച്ചേരി കഴിഞ്ഞ് പാറന്നൂർ സെന്ററിൽനിന്ന് ഒന്നര കിലോമീറ്റർ പോയാൽ പാറന്നൂർ ചിറ ടൂറിസം വില്ലേജിലെത്താം.