തൃശൂർ: അമ്പത് വർഷത്തോളം ശങ്കരം കുളങ്ങര ഭഗവതിയെ സേവിച്ച ഗജശ്രേഷ്ഠൻ ശങ്കരം കുളങ്ങര മണികണ്ഠന്റെ സ്മരണ നിലനിറുത്തുന്നതിനായി പൂർണകായ ശിൽപ്പം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ. ജൂലായ് പത്തിന് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്വാമി സദ്ഭവാനന്ദജി നിർവഹിക്കും. പ്രസിഡന്റ് പ്രശാന്ത് മറുവഞ്ചേരി അദ്ധ്യക്ഷനാകും. ഡോ. പി.ബി. ഗിരിദാസ് പങ്കെടുക്കും. ആനയുടെ ഉയരമായ ഒമ്പതേമുക്കാൽ അടി ഉയരത്തിലുള്ള ശിൽപ്പം മൂന്നു ലക്ഷത്തോളം രൂപ ചെലവിൽ സിമന്റിലാണ് ഒരുക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ വാരിക്കുഴിയിൽ വീണ കുട്ടിക്കൊമ്പനെ 1966 ലാണ് ശങ്കരംകുളങ്ങര ദേവസ്വത്തിൽ നടയിരുത്തിയത്. അമ്പത് വർഷത്തിലേറെക്കാലം തുടർച്ചയായി തൃശൂർ പൂരത്തിൽ പങ്കെടുത്ത മണികണ്ഠൻ കഴിഞ്ഞ വർഷമാണ് ചരിഞ്ഞത്. വാർത്താസമ്മേളനത്തിൽ പ്രശാന്ത് മറുവഞ്ചേരി, ഡോ. രതീഷ് മേനോൻ, മരുതൂർ നന്ദകുമാർ, മൈലാത്ത് ഗിരീഷ് മേനോൻ, ദിനേഷ് കെ. രാമദാസ് എന്നിവർ പങ്കെടുത്തു.