കോൺഗ്രസുകാർ തടഞ്ഞ ചേർപ്പ് പഞ്ചായത്ത് ഭോജനശാലയുടെ അറ്റകുറ്റപ്പണികൾ എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ സംരക്ഷണത്തിൽ പുനരാരംഭിച്ചപ്പോൾ.
ചേർപ്പ് : കോൺഗ്രസ് ഭരിക്കുന്ന ചേർപ്പ് പഞ്ചായത്ത് ഭോജനശാലയുടെ അറ്റകുറ്റപ്പണികൾ ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തടഞ്ഞു. സംഭവമറിഞ്ഞ് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളെത്തി ജോലിക്കാർക്ക് സംരക്ഷണം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇതേ കരാറുകാരൻ ജോലിയേറ്റെടുത്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നവീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. അതേ കരാറുകാരനെതന്നെ ഭോജന ശാലയുടെ അറ്റകുറ്റപ്പണി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് മുൻ കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പിലെ കോൺഗ്രസ് പ്രദേശിക പ്രവർത്തകരുമായെത്തി പണികൾ തടഞ്ഞത്. കോൺഗ്രസ് നേതാക്കൾ പണി തടയാനെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് അടക്കം ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിട്ടും സ്ഥലത്ത് എത്താതിരിുന്നത് ശ്രദ്ധേയമായി. വിവരം അറിഞ്ഞ് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ കെ.ബി. പ്രജിത്ത്, അനിത അനിലൻ, പി.സി. പ്രഹ്ലാദൻ, നസീജ മുത്ത ലീഫ്, സുനിത ജിനു എന്നിവരുടെ നേതൃത്വത്തിൽ പണിക്കാർക്ക് സംരക്ഷണം നൽകുകയും അറ്റകുറ്റപ്പണികൾ പുനരാരംഭിക്കുകയും ചെയ്തു.
ധന ദുർവിനിയോഗമെന്ന് നേതാക്കൾ
ഭോജനശാലയുടെ നിലത്ത് പതിച്ച ഏതാനും ടൈലുകൾ മാത്രമാണ് പൊട്ടിയിട്ടുള്ളത്. എന്നാൽ വൻരീതിയിൽ ടൈലുകൾ മാറ്റാനുള്ള നടപടി പണം ദുർവിനിയോഗം ചെയ്യുകയാണെന്ന് തടഞ്ഞ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഭോജനശാലയുടെ ആറ് ലക്ഷത്തോളം രൂപയുടെ നവീകരണ പ്രവർത്തികൾക്ക് തുക വകയിരുത്തിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നതിനെതിരെ കഴിഞ്ഞ ഭരണസമിതി യോഗത്തിൽ എൽ.ഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പണികൾ നടത്താൻ തീരുമാനമായതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.