road

ഇരിങ്ങാലക്കുട : ബൈപാസ് റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയാണ് വാഹനാപകടങ്ങൾ പെരുകുന്നതിനിടയാക്കുന്നത്. നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ബൈപാസ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിലും അപകടമുണ്ടായി. ബൈപാസ് റോഡിലെ കുഴിയിൽ വീണാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊരുമ്പിശ്ശേരി സ്വദേശി ഐനിയ്ക്കൽ വീട്ടിൽ മഹേഷ് (45) സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയും ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. നാട്ടുകാർ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലുകൾക്കും ഷോൾഡറിനും കൈയ്ക്കും ആന്തരിക അവയവങ്ങൾക്കും അടക്കം പരിക്കേറ്റ ഇയാൾ ഐ.സി.യുവിൽ ചികിത്സയിലാണ്. മഴ പെയ്താൽ റോഡിലെ കുഴിയുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തിൽപ്പടുന്നത് പതിവാണ്. ബൈപാസ് ആരംഭിക്കുന്ന തൃശൂർ റോഡ് മുതൽ ആദ്യ ജംഗ്ഷൻ വരെയുള്ള ഒരു വശത്ത് കാന നിർമ്മിച്ച് ഇതിന് മുകളിൽ ടൈൽ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയര വ്യത്യാസം റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഠാണാ ബസ് സ്റ്റാൻഡ് റോഡിലെ തിരക്കിൽപ്പെടാതെ കാട്ടൂർ, ചെമ്മണ്ട കിഴുത്താണി, പൊറത്തിശ്ശേരി ഭാഗങ്ങളിലേക്ക് എളുപ്പമെത്താൻ വാഹന യാത്രികർ ആശ്രയിക്കുന്ന ബൈപാസ് റോഡിലെ അപകട കുഴികൾ നികത്താൻ ടാറിംഗ് നടത്തുകയോ ടൈൽ വിരിച്ച് ഉയരം കൂട്ടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ

ഇരിങ്ങാലക്കുട നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച ബൈപാസ് റോഡ് അപകടക്കെണിയാകുകയാണ്. ബൈപാസ് റോഡ് നിർമാണം പൂർത്തീകരിച്ച് 10 വർഷം പിന്നിട്ടിട്ടും റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. ഇരുവശങ്ങളിലും കാന നിർമ്മിക്കുകയോ, നടപ്പാതകൾ ഒരുക്കുകയോ ചെയ്തിട്ടില്ല. നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന സോളർ വഴിവിളക്കുകൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു. പിന്നീട് സ്ഥാപിച്ച വഴിവിളക്കുകൾ പേരിന് മാത്രം പ്രകാശിക്കുന്നതിനാൽ പല ഭാഗങ്ങളും രാത്രിയിൽ ഇരുട്ടിലാണ്. ഇതോടെ കക്കൂസ് മാലിന്യം ഉൾപ്പെടെ ഇവിടെ തള്ളുന്നതും പതിവാണ്.