buds-school
എറിയാട് പ്രവർത്തിച്ച് വരുന്ന ബഡ്സ് സ്കൂൾ.

കൊടുങ്ങല്ലൂർ : തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ എതിർത്തിട്ടും എറിയാട് കോടതി സമുച്ചയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം കണക്കിലെടുത്ത് എറിയാട് പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ബഡ്‌സ് സ്‌കൂൾ കോടതി സമുച്ചയം വരുന്നതോടെ ഇല്ലാതാവുമെന്നാണ് പ്രധാന ആശങ്ക. കുട്ടികളുടെ പഠനം മുടങ്ങുകയും കുട്ടികൾ അനാഥമാക്കുകയും ചെയ്യുമെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തും കോടതി സമുച്ചയം നിർമ്മിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്ഥലം വിട്ടു നൽകിയ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോട് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എറിയാട് പഞ്ചായത്തും മതിലകം ബ്ലോക്ക് പഞ്ചായത്തും ഐക്യകണ്‌ഠേനെയാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ, എസ്.എൻ.ഡി.പി ശാഖകൾ തുടങ്ങിയ സംഘടനകൾ കൊടുങ്ങല്ലൂർ കോടതി എറിയാട് പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

കോടതി ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിൽ
മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്ന എറിയാടുള്ള ഭൂമിയിലാണ് ജുഡീഷ്യൽ വകുപ്പ് കോടതി സമുച്ചയം നിർമ്മിക്കാൻ ഒരുക്കം നടത്തുന്നത്. നിലവിൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എറിയാട് പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് ജുഡീഷ്യൽ വകുപ്പ് പറയുന്നത്. എന്നാൽ പുതിയ ബഡ്‌സ് സ്‌കൂളിന് ഇപ്പോഴുള്ള സ്‌കൂളിന്റെ സൗകര്യങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് എറിയാട് പഞ്ചായത്ത് ഭരണസമിതിയുടെ പങ്ക് വയ്ക്കുന്നത്. എറിയാടുള്ള കുടുംബശ്രീ ഓഫീസ് തീരദേശ ഹൈവേയ്ക്കുവേണ്ടി പൊളിച്ചു മാറ്റുകയാണ്. അറനൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടുംബശ്രീ ഓഫീസ് ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കോടതി സമുച്ചയം നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സമ്മതപത്രം നൽകിയതെന്നാണ് പരാതി.