jcb

കുന്നംകുളം: അനുവദനീയമായതിലും അധികം മണ്ണെടുത്തെന്ന ആരോപണത്തെ തുടർന്ന് റവന്യൂ കൃഷി ഓഫീസർമാർ പിടിച്ചെടുത്ത രണ്ട് ജെ.സി.ബികൾ 55 ദിവസത്തിന് ശേഷം നിരുപാധികമായി വിട്ടുനൽകാൻ കളക്ടറുടെ ഉത്തരവ്. പഴഞ്ഞി വില്ലേജ് ഓഫീസർ ഷാജു, കാട്ടകാമ്പാൽ കൃഷി ഓഫീസർ അനൂപ് എന്നിവർ അന്യായമായി പിടിച്ചെടുത്ത് കുന്നംകുളം താലൂക്ക് ഓഫീസിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ജെ.സി.ബികളാണ് വിട്ടുനൽകേണ്ടത്.

മേയ് 13ന് പോർക്കുളം പൊന്നംപാടത്ത് പഴഞ്ഞി സ്വദേശി റെയ് മോന്റെ ഇരുപ്പു കൃഷി നിലത്ത് മത്സ്യക്കൃഷി ചെയ്യാൻ അനുയോജ്യമായ രീതിയിൽ സ്ഥലം ഒരുക്കുന്നതിനിടെയാണ് കുന്നംകുളം സ്വദേശി അസീസ്, പോർക്കുളം സ്വദേശി ശരവണൻ എന്നിവരുടെ ജെ.സി.ബികൾ പിടികൂടിയത്. മത്സ്യക്കൃഷി ചെയ്യാൻ സ്ഥലം ഉടമയ്ക്ക് എല്ലാവിധ പെർമിറ്റും മതിയായ രേഖകളും അനുമതിപത്രവും ഉണ്ടായിരുന്നു.

കാട്ടകാമ്പാൽ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും മത്സ്യവകുപ്പിന്റെയും അനുമതി രേഖകൾ ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും സ്വീകരിക്കാതെ രണ്ട് ജെ.സി.ബികളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് ജെ.സി.ബികൾ റവന്യൂ കൃഷി ഓഫീസർമാരുടെ സമ്മർദ്ദത്തെ തുടർന്ന് താലൂക്ക് ഓഫീസിലേക്ക് മാറ്റി. ജെ.സി.ബികൾ മാറ്റുമ്പോൾ ഉടമകൾ മഹസർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മഹസറിൽ അന്യായമായ വിവരങ്ങൾ എഴുതിച്ചേർത്ത് ഒരാളെക്കൊണ്ട് വ്യാജ ഒപ്പിടുവിച്ചെന്ന് ജെ.സി.ബി ഉടമകൾ ആരോപിച്ചു.

ഒപ്പിട്ട സാക്ഷിയെ ഉടമകൾ കണ്ടെത്തിയപ്പോൾ പാടശേഖര സമിതിയുടെ ആവശ്യാർത്ഥമാണ് കടലാസിൽ ഒപ്പിട്ടതെന്ന് ഒപ്പിട്ടയാൾ പറഞ്ഞതായി ഉടമകൾ ആരോപിക്കുന്നു. തുടർന്ന് കളക്ടർക്ക് പരാതി നൽകിയതോടെ, ജെ.സി.ബി വിട്ടു നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. 55 ദിവസങ്ങൾക്ക് ശേഷം യാതൊരു പിഴയും അടയ്ക്കാതെ താലൂക്ക് ഓഫീസിൽ നിന്നും വൈകിട്ട് ഉടമകൾ ജെ.സി.ബി ഏറ്റുവാങ്ങി. വില്ലേജ് ഓഫീസർക്കെതിരെയും കൃഷി ഓഫീസർക്കെതിരെയും ഹൈക്കോടതിയിൽ മാനനഷ്ടത്തിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് ജെ.സി.ബി ഉടമ കെ.എ.അസീസ് അറിയിച്ചു.

അനുവദനീയമായതിലും കൂടുതൽ മണ്ണെടുത്തെന്ന്

അതേസമയം മത്സ്യക്കൃഷിക്ക് അനുവദനീയമായതിലും കൂടുതൽ സ്ഥലത്തെ മണ്ണെടുക്കുന്നത് തടയുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നെൽവയൽ രൂപമാറ്റം വരുത്തുന്നതായി പരാതിയും ഉണ്ടായിരുന്നു. രൂപമാറ്റം വരുത്തിയ നില പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.