1

തൃശൂർ: കഴിഞ്ഞദിവസം ഗുണ്ടാനേതാവിന്റെ ബർത്തേ ഡേ പാർട്ടിക്കെത്തിയ കൗമാരക്കാർ അടക്കമുള്ളവരെ പിടികൂടിയ സംഭവത്തിൽ സ്റ്റേഷനിൽ നടന്നത് നാടകീയ സംഭവങ്ങൾ. 17 വയസുള്ളവരായിരുന്നു കൗമാരക്കാരായ വിദ്യാർത്ഥികൾ. രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് ഇവരെ വീട്ടിലേക്ക് അയച്ചത്.
സ്റ്റേഷനിലെത്തിയ പല രക്ഷിതാക്കളും അവിടെ വച്ച് തന്നെ കുട്ടികളെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് പല കുട്ടികളും രക്ഷിതാക്കളും കരഞ്ഞുകൊണ്ടാണ് മടങ്ങിയതത്രെ. ഗുണ്ടാ നേതാവിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ആരാധന മൂത്താണ് പലരും ചേർന്നതും ബർത്ത് ഡേ പാർട്ടിക്ക് എത്തിയതും. അതേസമയം, കാര്യമെന്തെന്ന് അറിയാതെ എത്തിയ കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സാധാരണക്കാരായ നിരവധി കുട്ടികൾ ഗുണ്ടാവലയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗുണ്ടാ സംഘം രൂപീകരിക്കുന്നതിന്റ തുടക്കമെന്ന നിലയിലാണ് ബർത്ത് ഡേ പാർട്ടി സംഘടിപ്പിച്ചതത്രെ.


റീൽസിലൂടെ ആകർഷണം
ഇൻസ്റ്റഗ്രാമിലൂടെ റീൽസുണ്ടാക്കി നിരവധി പേരെ ആകർഷിച്ച ശേഷമാണ് വാട്‌സാപ്പ് ഗ്രൂപ്പ് ഗുണ്ടാത്തലവൻ രൂപീകരിച്ചത്. 24 വയസുള്ള പുത്തൂർ സ്വദേശിയായ തീക്കാറ്റ് ഷാജനെതിരെ വധശ്രമം ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം കേസുകളുണ്ട്.


കർശന നടപടിക്ക് പൊലീസ്
ഗുണ്ടാ സംഘത്തിന്റെ പദ്ധതി തുടക്കത്തിലേ പൊളിക്കാനായെങ്കിലും തുടർനടപടികൾ കർശനമാക്കാനൊരുങ്ങി പൊലീസ്. വരും ദിവസങ്ങളിലും നടപടികൾ തുടരും. സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തും.