പുതുക്കാട്: റോഡ് വികസനത്തിന് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള തുകയെച്ചൊല്ലി ഇടഞ്ഞ് കെ.എസ്.ഇ.ബിയും പൊതുമരാമത്ത് വകുപ്പും. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ ഇരട്ടി തുകയാണ് കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതോടെ നന്തിക്കര-മാപ്രാണം റോഡിന്റെ നിർമ്മാണം പ്രതിസന്ധിയിലാണ്. കെ.എസ്.ഇ.ബി പറപ്പൂക്കര സെക്ഷൻ അധികൃതരാണ് അധികതുക ആവശ്യപ്പെട്ടത്. എന്നാൽ അധിക തുക നൽകാനാകില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പോസ്റ്റുകൾ 11 കെ. വി ലൈനുകൾ കടന്നുപോകുന്നതും 11 കെ.വി ലൈനുകൾക്കു താഴെ എൽ.ടി ലൈനുകളുള്ളതുമാണ് അധിക തുക ഈടാക്കാൻ കാരണമെന്ന് സെക്ഷൻ അധികൃതർ പറയുന്നു. ഇതേ റോഡിൽ കരുവന്നൂർ സെക്ഷൻ ഉൾപ്പെട്ട സ്ഥലത്ത് ഒരു പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനും മറ്റൊരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമായി 28, 906 രൂപയാണ് ആവശ്യപ്പെട്ടതെങ്കിൽ പറപ്പൂക്കര സെക്ഷനിൽ പതിനാറ് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഏഴ് ലക്ഷത്തിഅമ്പതിനായിരം രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് റോഡ് വികസനം പ്രതിസന്ധിയിലാക്കിയത്. കെ. എസ്. ഇ.ബി പറപ്പൂക്കര സെക്ഷൻ അധികൃതർ പിടിവാശി ഉപേക്ഷിച്ച് ന്യായമായ പണം വാങ്ങി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകരായ ബൈജു ചെല്ലിക്കര, വടുതല നാരായണൻ, സുധീഷ് മൂത്രത്തിക്കര, സുരേഷ് മേനോൻ എന്നിവർ ചേർന്ന് കെ.എസ്.ഇ.ബി. പറപ്പൂക്കര സെക്ഷൻ അധികൃതർക്ക് നിവേദനം നൽകി.
ദേശീയ പാത നന്തിക്കരയിൽ നിന്നും മാപ്രാണം വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി വൈദ്യുതി പോസ്റ്റുകൾ. വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് പ്രതിസന്ധിയിലായതോടെ പോസ്റ്റുകൾ റോഡിൽ നിലനിറുത്തികൊണ്ടാണ് നിലവിൽ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള പ്രവ്യത്തികൾ തുടരുന്നത്. വൈദ്യുതി പോസ്റ്റുകൾ മാറ്റിയില്ലെങ്കിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് ഏഴര മീറ്ററാക്കി വീതി കൂട്ടുന്നതോടെ ടാർ റോഡിൽ പോസ്റ്റുകൾ നിലനിൽക്കും. ഇത് യാത്രക്കാർക്ക് വൻ ഭീഷണിയാകും.
റോഡ് പുനർനിർമ്മിക്കുമ്പോൾ മാറ്റിസ്ഥാപിക്കേണ്ട വൈദ്യുതി പോസ്റ്റുകൾ 11 കെ. വി ലൈനുകൾ കടന്നുപോകുന്നതും 11 കെ.വി ലൈനുകൾക്കു താഴെ എൽ.ടി ലൈനുകളും ഉള്ളതാണ് അധിക തുക ഈടാക്കാൻ കാരണമെന്ന് കെ.എസ്.ഇ.ബി പറപ്പൂക്കര സെക് ഷൻ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. കൂടാതെ മൂത്രത്തിക്കരയിലെ കല്ലിക്കടവിൽ കയറ്റത്തിൽ റോഡ് ഉയർന്നതിനാൽ ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനു പുറമെ എബി സ്വിച്ചുകളുള്ള പോസ്റ്റുകളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനാലാണ് തുക ഉയർന്നത്. പറപ്പൂക്കര സെക്ഷനിലെതന്നെ ആനന്ദപുരംഇരിങ്ങാലക്കുട റോഡിലെ എൽ.ടി പോസ്റ്റുകൾ മാറ്റിസ്ഥാപിച്ചതിന് കുറഞ്ഞ നിരക്കാണ് വാങ്ങിയത്.