photo

വടക്കാഞ്ചേരി: കുറാഞ്ചേരി സംസ്ഥാന പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും ബസ് കയറാൻ നെട്ടോട്ടം ഓടി യാത്രക്കാർ. രണ്ട് സംസ്ഥാന പാതകൾ സംഗമിക്കുന്ന ഏറെ തിരക്കുള്ള കുറാഞ്ചേരി ആലിൻചുവട്ടിലെ നാലുംകൂടിയ ജംഗ്ഷനിലാണ് ബസുകൾ നിറുത്തുന്നത്. 2018 ലെ പ്രളയം തകർത്തെറിഞ്ഞ കുറാഞ്ചേരിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ 5 ലക്ഷം രൂപ ചിലവഴിച്ച് പുനർനിർമ്മിച്ചെങ്കിലും ഇതിപ്പോൾ നോക്കുകുത്തിയാണ്. തൃശൂർ ഭാഗത്തേയ്ക്ക് പോകാൻ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാൽ ബസിൽ കയറികൂടാൻ ബസിന് പുറകെ ഓടേണ്ടി വരും. വേലൂരിൽ നിന്നെത്തുന്ന വാഹനങ്ങൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഈ ജംഗ്ഷനിലാണ്. കുത്തുപാറ ഭാഗത്ത് നിന്ന് എത്തുന്നവരും ഇവിടെയാണ് ഇറങ്ങുന്നത്. ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയാണ് ബസ് കാത്തിരിപ്പ്‌കേന്ദ്രം. അങ്ങോട്ട് നടക്കാൻ ഇപ്പോൾ ജനത്തിനും മടിയുണ്ട്. ബസുകൾ നിർത്താതായതോടെ കാത്തിരിപ്പ്‌കേന്ദ്ര പരിസരം വിവിധ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലമായി മാറി. ഏറെ തിരക്കുള്ള സമയങ്ങളിൽ പോലും കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ടോറസ് ചരക്ക് ലോറികളുടെ നീണ്ട നിരയാണ്. ഇതോടെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിർത്തുക എന്നതും ഏറെ ദുഷ്‌കരമായി. നിരവധി പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മഴയും വെയിലും കൊണ്ട് ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കരാരെന്നും ഇത് പരിഹരിക്കാൻ നഗരസഭ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


വടക്കാഞ്ചേരി: സംസ്ഥാന പാതയിലെ വാഹനാപകടങ്ങളുടെ കേന്ദ്രമാണ് നാലുംകൂടിയ കുറാഞ്ചേരി ജംഗ്ഷൻ. പറമ്പായിലേക്കും കേച്ചേരിയലേക്കും വാഹനങ്ങൾ തിരിഞ്ഞ് പോകുന്നത് ഈ ജംഗ്ഷനിലാണ്. തിരക്കുള്ള സമയങ്ങളിലടക്കം ഇവിടെ ബസുകൾ നിറുത്തി ആളുകളെ കയറ്റിയിറക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. അപകടം പതിവായതോടെ ബസുകൾക്കെതിരെ പൊലിസ് നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയാണ്.