forest

ചാലക്കുടി: ഷോളയാർ മേഖലയിൽ യാത്രക്കാർക്ക് പേടി സ്വപ്‌നമായ കാട്ടാന കബാലിയെ നിരീക്ഷിക്കാനും അപകടങ്ങൾ ഒഴിവാക്കാനും നടപടിയുമായി വനംവകുപ്പ്. പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ കാവൽ നിറുത്താനാണ് തീരുമാനം.

കൊല്ലത്തിരുമേട്, ഷോളയാർ, മലക്കപ്പാറ റേഞ്ചുകളിലെ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി. ആന റോഡിലിറങ്ങിയെന്ന് വിവരം അറിഞ്ഞാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പ്രകോപിപ്പിക്കാതെ ഉടനെ അതിനെ കാട്ടിലേയ്ക്ക് മടക്കി അയക്കാനാണ് നീക്കം. നടപടിയുടെ ഭാഗമായി വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി സ്ഥലത്തെത്തി നിരീക്ഷണം നടത്തി. ഷോളയാർ ഡാമിന്റെ പെൻസ്‌ട്രോക്ക് പൈപ്പ് കടന്നുപോകുന്ന പ്രദേശത്താണ് കബാലി സ്ഥിരമായി തമ്പടിക്കുന്നത്.

റോഡിലെത്തിയാൽ പിന്നെ എതിർദിശയിൽ കിഴക്കാംതൂക്കായ കൊക്കയും മറ്റുമായതിനാൽ ആനയ്ക്ക് പോകാൻ വഴിയില്ലാതെ കുഴങ്ങുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ സമയത്തെത്തുന്ന വാഹനങ്ങളാണ് റോഡിൽ കുടുങ്ങുന്നത്. ഇതിനിടെ കബാലിയുടെ പേരിൽ വ്യാജ വീഡിയോകൾ പുറത്തിറങ്ങുന്നത് തലവേദനയായി. പഴയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർ തലേദിവസത്തെ സംഭവമാക്കി ഇതിനെ ചിത്രീകരിക്കുന്നുണ്ടത്രേ. വലിയ പ്രാധാന്യമുള്ളതിനാൽ പുറംലോകം ഇത് വിശ്വസിക്കുകയും ചെയ്യും. ഇത്തരത്തിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം കബാലി ആംബുലൻസ് തടഞ്ഞെന്ന പേരിൽ പുറത്തിറങ്ങിയതെന്നാണ് വിവരം.