മുള്ളൂർക്കര: ദീർഘകാലം സി.പി.എമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന മുതിർന്ന നേതാവ് ഇരുന്നിലംകോട് അപ്പാട്ട് വീട്ടിൽ എ.പത്മനാഭൻ (93) നിര്യാതനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വരവൂർ പഞ്ചായത്തംഗം, ഇരുന്നിലംകോട് ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമീണ വായനശാലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.പി.എം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കാൽനൂറ്റാണ്ട് ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1980ൽ വടക്കാഞ്ചേരി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. വനഭൂമി- മിച്ചഭൂമി സമരം എന്നിവയ്ക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥ കാലത്ത് 18 മാസം വിയ്യൂർ സെൻട്രൽ ജയിലിലിലായിരുന്നു. അമ്മ മരിച്ചിട്ടും അന്ന് പരോൾ അനുവദിച്ചിരുന്നില്ല. ഒളിവുകാലത്ത് എ.കെ.ജി ഉൾപ്പെടെയുള്ളവർക്ക് കത്തുകൾ എത്തിച്ചുകൊടുത്തിരുന്നത് പത്മനാഭനായിരുന്നു. ഭാര്യ: പാർവതി. മക്കൾ: അജയകുമാർ (റിട്ട: എസ്.ഐ.എഫ്.എൽ മാനേജർ), പ്രമീള ( റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹൈസ്കൂൾ, ഗുരുവായൂർ), അനിൽ കുമാർ (ദേശാഭിമാനി, തൃശൂർ), അനീഷ് കുമാർ (കേരള ബാങ്ക്, തൃശൂർ). മരുമക്കൾ: ശ്രീലത (നാട്ടിക റൂറൽ ബാങ്ക്), പ്രഭാകരൻ (റിട്ട. ഫെഡറൽ ബാങ്ക്), സന്ധ്യ (വാണിയംകുളം, വനിത ബാങ്ക്), ജീന (ബി.എസ്.എൻ.എൽ, മലപ്പുറം). മൃതദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. കെ.രാധാകൃഷ്ണൻ എം.പി, ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഉൾപ്പെടെ നിരവധി നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.