കൊടുങ്ങല്ലൂർ: സ്മാർട്ട് റേഷൻ കാർഡ് സ്വീകരിക്കാൻ ആശുപത്രി ജീവനക്കാർ വിസമ്മതിക്കുന്നത്, രോഗികൾക്ക് സമയനഷ്ടത്തിനും ചികിത്സ വൈകലിനും ഇടയാകുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി ഉൾപ്പെടെയുള്ള ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും സ്മാർട്ട് റേഷൻ കാർഡ് സ്വീകരിക്കുന്നില്ല.
ചികിത്സ തേടിയെത്തുന്ന ബി.പി.എൽ കാർഡിൽ ഉൾപ്പെട്ടവർക്ക് വിവിധ പരിശോധനകൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിന് റേഷൻ കാർഡ് ഹാജരാക്കണം. പലരും സൗകര്യാർത്ഥം സ്മാർട്ട് റേഷൻ കാർഡാണ് കൊണ്ടുവരിക. എന്നാൽ സർക്കാർ ആശുപത്രികളിൽ സ്മാർട്ട് കാർഡ് സ്‌കാൻ ചെയ്യാനുള്ള സംവിധാനമില്ലെന്നാണ് ജീവനക്കാരുടെ വാദം.
ഇതുമൂലം സ്മാർട്ട് റേഷൻ കാർഡുമായെത്തുന്നവർ പുറമേയുള്ള ഓൺലൈൻ സ്ഥാപനങ്ങളിൽ പോയി കാർഡ് സ്‌കാൻ ചെയ്ത് പ്രിന്റെടുത്ത് ഹാജരാക്കുകയോ, ഒറിജിനൽ റേഷൻ കാർഡ് ഹാജരാക്കുകയോ ചെയ്യേണ്ടി വരികയാണ്. സ്മാർട്ട് റേഷൻ കാർഡ് ആധികാരിക രേഖയായി സ്വീകരിക്കാൻ നിർദ്ദേശമില്ലെന്നും, കാർഡ് സ്‌കാൻ ചെയ്യാൻ സംവിധാനമില്ലെന്നുമുള്ള നിലപാടിൽ ജീവനക്കാർ ഉറച്ചു നിൽക്കുമ്പോൾ അടിയന്തിര ചികിത്സ തേടിയെത്തുന്നവർ നെട്ടോട്ടമോടുകയാണ്.
ഓൺലൈൻ ഇടപാടുമില്ല
ഇതിന് പുറമേ സർക്കാർ ആശുപത്രികളിൽ ഓൺലൈനായി പണമടയ്ക്കാനും സംവിധാനമില്ല. ഇതുമൂലം സ്കാനിംഗോ, എക്സ് റേയോ, രക്തപരിശോധനയോ പോലുള്ളവ വേണ്ടി വരുമ്പോൾ പലപ്പോഴും എ.ടി.എം തേടി അലയേണ്ടി വരികയാണ്. സമീപപ്രദേശങ്ങളിലെ എ.ടി.എമ്മിൽ കാശില്ലാതെയാകുകയോ തകരാറിലാകുകയോ ചെയ്താൽ ദുരിതം ഇരട്ടിയാകും. ആശുപത്രികൾ ആധുനികവും രോഗീ സൗഹൃദവുമായി മാറുന്ന കാലഘട്ടത്തിൽ, മാറാതെ നിന്നിടത്തു തന്നെ നിൽക്കുകയാണ് സർക്കാർ ആശുപത്രികൾ. ഇതിന് അധികാരികൾ ഇടപെട്ട് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
പിന്തുടരുന്നത് പഴഞ്ചൻ രീതികൾ
1. സ്മാർട്ട് റേഷൻകാർഡ് സ്കാനിംഗിന് സംവിധാനമില്ല
2. ഓൺലൈൻ പണമടയ്ക്കാൻ സംവിധാനമില്ല