കുന്നംകുളം: ഭാവന റോഡിലെ കംഫർട്ട് സ്റ്റേഷനിലെ വിസർജ്യ മാലിന്യങ്ങൾ കായ മാർക്കറ്റിലേക്കും പൊതു കാനയിലേക്കും ഒഴുകുന്നു. സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ രംഗത്തെത്തി. മഴക്കാലം ശക്തി പ്രാപിച്ചതോടെ കംഫർട്ട് സ്റ്റേഷനിലെ മലിനജലം വ്യാപിക്കുകയാണ്.
കാന വഴി ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യ അവശിഷ്ടങ്ങൾ ഉൾപ്പെടെ കായ മാർക്കറ്റിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേയ്ക്കാണ് മലിനജലം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മാലിന്യം പല ഭാഗങ്ങളിലേക്കും ഒഴുകിപോകുകയാണ്. സംഭവത്തിൽ കുന്നംകുളം നഗരസഭാ സെക്രട്ടറി,ആരോഗ്യ വിഭാഗം, ഭരണസമിതി എന്നിവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് വാക്ക് നൽകിയിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കംഫർട്ട് സ്റ്റേഷനിലെ മാലിന്യങ്ങൾ കാനയിലൂടെ ഒഴുകുന്നതോടെ കായ മാർക്കറ്റിലെ വ്യാപാരികൾ പ്രതിസന്ധിയിൽ.
മാർക്കറ്റിൽ ദുർഗന്ധം പരക്കുന്നതോടെ ഭക്ഷ്യയോഗ്യമായ കായകൾ ഇവിടെ സൂക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കായകൾ സൂക്ഷിക്കാൻ മറ്റൊരു സ്ഥലം ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. കൂടാതെ മാർക്കറ്റിലെ ജീവനക്കാർക്ക് പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും വ്യാപിക്കുകയാണ്.