കൊടുങ്ങല്ലൂർ : പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന കാര തട്ടുംകടവിൽ കടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച മത്സ്യബന്ധന യാനങ്ങൾ പിടിയിൽ. കയ്പ്പമംഗലം ബീച്ച് സ്വദേശികളായ കൈതവളപ്പിൽ ധനീഷ്, കോഴിപ്പറമ്പിൽ രമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങൾ പിടിച്ചെടുത്തത്.
ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് സംയുക്ത സംഘമാണ് നിരോധിച്ച ഡബിൾനെറ്റ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ യാനം പിടിച്ചെടുത്തത്. പോത്തൻ വലകൾ ഉപയോഗിച്ച് രണ്ട് വള്ളങ്ങൾ ചേർന്നു നടത്തുന്ന മീൻപിടിത്ത രീതിയാണിത്. ഇത്തരത്തിൽ മത്സ്യബന്ധനം നടത്തിയ രണ്ട് വഞ്ചികൾ ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി. തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടി പൂർത്തിയാക്കി യാന ഉടമകൾക്ക് പിഴ ചുമത്തും. പുലർച്ചെയാണ് വള്ളങ്ങൾ കടലിൽ ഡബിൾ നെറ്റ് വലിക്കുന്നത്.
അഴീക്കോട് കോസ്റ്റൽ പൊലീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് എന്നിവരുടെ സംയുക്ത പട്രോളിംഗിലാണ് ഇവരെ പിടികൂടിയത്. എഫ്.ഇ.ഒ സുമിത, കോസ്റ്റൽ എസ്.ഐ സജീവൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, കോസ്റ്റൽ സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രെജീഷ്,സുധീഷ് ബാബു, സി.പി.ഒമാരായ ഷാമോൻ, ഷൈജു, ലൈഫ് ഗാർഡുമാരായ പ്രമോദ്, സിജീഷ്, സ്രാങ്ക് ഹാരിസ്, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിലുണ്ടായിരുന്നത്.