photo

വടക്കാഞ്ചേരി: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കാൻ വീണ്ടും കട്ട പ്രയോഗം. പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പ് മുതൽ അത്താണി പൂമല റോഡ് വരെയുള്ള നിരവധി അപകട കുഴികളിൽ ടാറിംഗ് മിശ്രിതം നിരത്തി ഇടികട്ടകൊണ്ട് ഇടിച്ച് പരത്തി പേപ്പർ ഒട്ടിക്കുന്ന രീതിയാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ശക്തമായ മഴയിൽ രൂപപ്പെട്ട കുഴികളിൽ നിരവധി വാഹന യാത്രികർ അപകടത്തിൽപ്പെട്ടതോടെ കരാറുകാരൻ കുഴി അടച്ചിരുന്നു. ഇപ്പോൾ ഈ റോഡിൽ ചെയ്യുന്ന അശാസ്ത്രീയ നിർമ്മാണമായിരുന്നു അന്നും ചെയ്തിരുന്നത്. എന്നാൽ ശക്തമായ മഴയിൽ വീണ്ടും റോഡ് തകർന്നു. ഈ കുഴികൾതന്നെയാണ് വീണ്ടും ഇരുമ്പ്കട്ട ഉപയോഗിച്ച് അടയ്ക്കുന്നത്. അടുത്ത മഴയിൽ വീണ്ടും ഈ കുഴികൾ പഴയപോലെയാകുമെന്നും അപകടങ്ങൾ വർദ്ധിക്കുമെന്നും നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ ഈ പ്രവർത്തിക്കെതിരെ ജനങ്ങൾ പ്രതിഷേധമുയർത്തിയെങ്കിലും അധികൃതർ കണ്ടഭാവമില്ലെന്നും ഇവർ പറയുന്നു.

ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡിൽ അപകടം തുടർക്കഥയായതോടെ റോഡ് സമ്പൂർണമായി നവീകരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു ഉന്നതലയോഗം വിളിച്ച് പ്രഖ്യാപിച്ചിരുന്നു. വിവിധഘട്ടങ്ങളിലായി സംസ്ഥാന പാത നവീകരണം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംഘമെത്തുമ്പോൾ പല സ്ഥലത്തും റോഡ് അപ്രത്യക്ഷമാകുമോ എന്ന ആശങ്കയിലാണ് ജനം.