pa
രാത്രിയിൽ വഴിമുടക്കി റോഡിൻ കിടക്കുന്നകന്നുകാലികൾ

തിരുവില്വാമല: പഞ്ചായത്ത് പരിധിയിലെ റോഡുകളിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു.
രാത്രി കാലങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. ഇവയുടെ രാത്രികാല വിശ്രമം പലപ്പോഴും നടുറോഡിലാണ്. പലപ്പോഴും ഇവയുടെ അടുത്ത് വാഹനമെത്തുമ്പോഴാണ് കാണുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്. ഇരുചക്ര യാത്രക്കാരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. വാഹനം ഇടിച്ച് കന്നുകാലികളും ചാവാറുണ്ട്. ഉടമസ്ഥരുള്ള കന്നുകാലികളാണ് റോഡിൽ അധികവും. വില്വാമലയിൽ മേയാൻ വിടുന്ന കന്നുകാലികളും കൂട്ടങ്ങളായി റോഡിലൂടെ നടക്കാറുണ്ട്. ചിലർ കന്നുകാലികളെ രാത്രിയിൽ മേയാൻ വിടുകയും പുലർച്ചേ അവ തിരികെ വീടുകളിൽ എത്താറുമുണ്ട്. വില്വാദ്രിനാഥ ക്ഷേത്രത്തിൽ കന്നുകാലികളെ നടക്കിരുത്തുന്ന പതിവില്ലെന്നും അതിനാൽ ക്ഷേത്രത്തിലെ കന്നുകാലികൾ അല്ലെന്നും ദേവസ്വം ഓഫീസർ നേരത്തെ അറിയിച്ചിരുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഉടമസ്ഥരുള്ള കാലികളെ പിടിച്ചു കെട്ടുകയും അല്ലാത്തവയെ പുനരധിവസിപ്പിക്കുന്നതിനോ ലേലം ചെയ്യുന്നതിനോ നടപടി എടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.