ചാലക്കുടി: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ.പൈലപ്പന് മർദ്ദനമേറ്റെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭാ ചെയർമാൻ എബി ജോർജ്. തന്നെ ആരും മർദ്ദിച്ചിട്ടില്ലെന്നും ഭൂമി കച്ചവടം സംബന്ധിച്ച സംസാരത്തിനിടെയുണ്ടായ തർക്കത്തെയാണ് ആക്രമണമെന്ന് ചിത്രീകരിച്ചതെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ.പൈലപ്പനും വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൈനപ്പനെയും പങ്കെടുപ്പിച്ച് നഗരസഭാ ചെയർമാൻ വാർത്താസമ്മേളനം നടത്തിയത്. പോസ്റ്ററുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ചെയർമാൻ പറഞ്ഞു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ സംഘടനയില്ല. സി.പി.എമ്മാണ് ഇതിന്റെ പിന്നിൽ. സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആളാണ് നഗരസഭ ചെയർമാന്റെ പേരും ഇതിൽ ഉൾപ്പെടുത്തി നേരത്തെ മുന്നറിയിപ്പ് നൽകിയതെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.