മാള: കോട്ടവാതിലിൽ നിന്നും ചക്കാംപറമ്പ് യു.പി സ്‌കൂൾ, ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴിയായ കോട്ടവാതിൽ- ചക്കാംപറമ്പ് റോഡിൽ കുഴിയും വെള്ളക്കെട്ടും. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. ഇതുവഴി ഇരുചക്ര വാഹന യാത്ര ദുസ്സഹമായിരിക്കയാണ്. ചെളിയും വെള്ളക്കെട്ടും താണ്ടിയുള്ള യാത്ര മൂലം വിദ്യാർത്ഥികളുടെ കാലിൽ ചർമ്മ രോഗങ്ങൾ ഉണ്ടാകുന്നു. കൂടാതെ ക്ഷുദ്ര ജീവികളുടെ ഉപദ്രവവും. ഈ വഴിയിലൂടെയുള്ള യാത്ര ദുർഘടമായതോടെ പലരും രണ്ട് കിലോമീറ്റർ വളഞ്ഞാണ് സ്‌കൂളിലും ക്ഷേത്രത്തിലും എത്തുന്നത്. വാർഡ് മെമ്പർ ജിയോ ജോർജിന്റെ അഭ്യർത്ഥനപ്രകാരം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുബാബു രണ്ടുദിവസം മുമ്പ് റോഡിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെയോ എം.എൽ.എയുടെയോ ഫണ്ട് ഉപയോഗിച്ച് റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
40 ലക്ഷം രൂപയോളം എസ്റ്റിമേറ്റ്
ഈ റോഡ് വർഷങ്ങളായി പൊതുജനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിച്ച് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഈ വർഷമാണ് ചേർത്തത്. അഞ്ചര മീറ്റർ വീതിയും മുക്കാൽ കിലോമീറ്റർ നീളവുമുള്ള റോഡാണിത്. റോഡിന്റെ ഏകദേശം 200 മീറ്ററോളം ഭാഗം മണ്ണിട്ട് പൊക്കാനും കൾവർട്ട്, കാന എന്നിവ പണിയുന്നത് അടക്കമുള്ള പണികൾ തീർത്ത് ടാറിംഗ് നടത്തുന്നതിന് ഏകദേശം 40 ലക്ഷം രൂപയോളം എസ്റ്റിമേറ്റ് വരുമെന്ന് പറയുന്നു.