മാള: വൻ കുടിശ്ശിക മൂലം നാല് പഞ്ചായത്തുകൾക്കുള്ള ജല വിതരണം വാട്ടർ അതോറിറ്റി വീണ്ടും നിറുത്തിവച്ചു. ഇന്നലെ രാവിലെ ആറ് മുതൽക്കാണ് മാള, കൂഴൂർ, അന്നമനട, പൊയ്യ പഞ്ചായത്തുകൾക്കുള്ള ജല വിതരണം നിറുത്തിയത്. കഴിഞ്ഞ ജൂൺ ഒന്നിന് ഏപ്രിൽ മാസത്തെ ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് ജലവിതരണം നിറുത്തിയിരുന്നു.
അന്ന് വാട്ടർ അതോറിറ്റിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായി പഞ്ചായത്ത് പ്രസിഡന്റുമാർ നടത്തിയ ചർച്ചയിൽ കുടിശ്ശിക നിലനിറുത്തി തന്നെ അതത് മാസത്തെ ബില്ലിന്റെ 50 ശതമാനമെങ്കിലും അടയ്ക്കണമെന്ന ധാരണയിലാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.
എന്നാൽ ഈ ധാരണയും നാല് പഞ്ചായത്തുകളും ലംഘിക്കുകയായിരുന്നു. മാള പഞ്ചായത്തിനാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. അഞ്ചരക്കോടി കോടി രൂപയാണ് മാള പഞ്ചായത്തിന്റെ കുടിശിക.