1

കൊടുങ്ങല്ലൂർ: കരാറുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അഴീക്കോട് മുനമ്പം ഫെറിയിലെ ബോട്ട് സർവീസ് മുടങ്ങി. ഇന്നലെ രാവിലെ ആദ്യ ട്രിപ്പ് നടത്തിയ ശേഷമാണ്‌ ബോട്ട് സർവീസ് നിറുത്തിവച്ചത്. ബോട്ട് സർവീസ് കരാറുകാർ തമ്മിലുണ്ടായ വാക്തർക്കത്തെത്തുടർന്നാണ്‌ ബോട്ട് സർവീസ് സ്തംഭിച്ചത്.

അഴീക്കോട് മുനമ്പം പാലം നിർമ്മാണം ആരംഭിച്ചതിനെത്തുടർന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് ജങ്കാർ സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലാണ് കടത്തുബോട്ട് തുടങ്ങിയത്. ഇതോടെ ബോട്ടിനെ ആശ്രയിച്ച് യാത്ര ചെയ്തവർ ദുരിതത്തിലായി. പൊന്നാനിയിൽ നിന്നും വാടകയ്ക്ക് എടുത്ത് ഷിഹാബ്, വേണുഗോപാൽ എന്നിവർ ചേർന്നാണ്‌ ബോട്ട് സർവീസ് നടത്തിയിരുന്നത്.

ഒരു ദിവസം പണിക്കൂലിയും ഡീസലിനും ഉൾപ്പെടെ 10,000 രൂപ ചെലവ് വരും. മഴക്കാലമായതോടെ വരുമാനം കുറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് സർവീസ് തടസപ്പെടാൻ കാരണം. പാർട്ട്ണർമാർ രണ്ടുപേരും കോടതിയിൽ കാണാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബോട്ട് സർവീസ് നിറുത്തിയതോടെ നിത്യയാത്രക്കാർ ഉൾപ്പെടെ നിരവധിപേരാണ് കഷ്ടത്തിലായത്.

മുന്നറിയിപ്പില്ലാതെ മുടക്കം

അഴീക്കോട് നിന്നും പുലർച്ചെ 5.30ന് സർവീസ് ആരംഭിച്ച് രാത്രി എട്ടിന് അഴീക്കോട് തന്നെ സമാപിക്കുന്ന വിധമാണ് ബോട്ട് സ‌‌ർവീസ്. 10 രൂപ മാത്രമാണ് ചാർജ്. ഈ ബോട്ട് നിറുത്തിയതോടെ 14 കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് വേണം ഇനി അഴീക്കോട് നിന്ന് മുനമ്പത്തേക്ക് എത്താൻ. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇന്നലെ രാവിലെ സർവീസ് അവസാനിപ്പിച്ചതോടെ മത്സ്യത്തൊഴിലാളികൾ, സർക്കാർ - സ്വകാര്യ ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാത്ഥികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങി. എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാൻ ജനപ്രതിനിധികളുടെ ഉൾപ്പെടെയുള്ളവർ ശ്രമിക്കണമെന്നാണ് ആവശ്യം.