വടക്കാഞ്ചേരി: വിവിധ പദ്ധതികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അറിയിച്ചു. 13 ലധികം ഓഡിറ്റുകളാണ് നഗരസഭകളിൽ നടക്കുന്നതെന്നും ഓഡിറ്റ് സംവിധാനം തിരുത്തൽ പ്രകിയയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് വടക്കാഞ്ചേരിയിലും നടന്നത്. റിപ്പോർട്ടിൽ കണ്ടെത്തിയ അപാകതകളെല്ലാം പരിഹരിക്കുമെന്നും പരിശോധിച്ചപ്പോൾ ഇല്ലാതിരുന്നരേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ ഹാജരാക്കി വിശദീകരണം നൽകും. എല്ലാം സുതാര്യമാണ്. ഏതാനും പ്രതിപക്ഷ മെമ്പർമാരുടെ അറിവില്ലായ്മയും കോൺഗ്രസിലെ ഗ്രൂപ്പ് പോരുമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
അമ്മമാർക്ക് ജിംനേഷ്യം നിർമ്മിക്കാതെ14 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവും ചെയർമാൻ തള്ളി.
ആര്യംപാടം, മിണാലൂർ, കുമരനെല്ലൂർ എന്നിവിടങ്ങളിൽ ജിംനേഷ്യം പ്രവർത്തിക്കുന്നുണ്ട്. എഗ്രിമെന്റിൽ കരാർ നമ്പർ ഇല്ലാത്തതാണ് ഓഡിറ്റ് ഒബ്ജക്ഷന് വഴിവെച്ചത്. എസ്. എസ്. കെ ധനവിനിയോഗവും സുതാര്യമാണെന്നും എസ്.എസ്.കെ വിഹിതം സർക്കാരിലേയ്ക്ക് അടയ്ക്കുന്ന വിഹിതമാണ്. സർക്കാർ ഫണ്ടിലേയ്ക്കാണ് ഈ തുക അടയ്ക്കുന്നത്. 10 ലക്ഷം രൂപയാണ് അടച്ചത്. അതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് ഓഡിറ്റ് വിഭാഗം പറയുന്നത്. ഇത് വീണ്ടും നൽകുമെന്നും ചെയർമാൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വൈസ്‌ചെയർപേഴ്‌സൺ ഷീലാ മോഹൻ, സ്ഥിരം സമിതി അധ്യക്ഷഎ.എം. ജമീലാബി എന്നിവരും പങ്കെടുത്തു.