വടക്കാഞ്ചേരി: എ.പത്മനാഭൻ എന്ന ജനകീയ നേതാവ് വരും തലമുറയ്ക്കുള്ള തുറന്ന പാഠപുസ്തകമാണെന്ന് ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ പറഞ്ഞു. മുള്ളൂർക്കര ഇരുന്നിലംകോട് സെന്ററിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. അടിച്ചമർത്തപ്പെട്ടവർക്കും പട്ടിണിപ്പാവങ്ങൾക്കുമായി അർപ്പണം ചെയ്തതായിരുന്നു പപ്പേട്ടന്റെ ജീവിതം. അതുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിന് അദ്ദേഹത്തിന്റെ ജീവിത വഴിയിൽ നിന്ന് പഠിച്ചെടുക്കാനുണ്ടെന്നും കൂട്ടിച്ചേർത്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അദ്ധ്യക്ഷനായി. എം.എൽ.എമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരികമേഖലയിലെ പ്രമുഖർ, ജനപ്രതിനിധികൾ പങ്കെടുത്തു.