അന്നമനട : അന്നമനട പഞ്ചായത്ത് മികവിന്റെ കേന്ദ്രം സിവിൽ സർവീസ് അക്കാഡമിയുടെ മൂന്നാം ബാച്ചിലേയ്ക്കുള്ള സ്‌കൂൾ തല പ്രവേശന പരീക്ഷകൾ ഇന്നും നടക്കും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ മറ്റ് പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പ്രവേശന പരീക്ഷയാണ് ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടക്കുക. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കുള്ള സ്‌കൂൾതല പ്രവേശന പരീക്ഷകൾ ജൂലൈ 11ന് ഗവ. സമിതി സ്‌കൂൾ, പാലിശ്ശേരി എസ്.എൻ.എൻ.പി.എച്ച്.എസ്.എസ്, മാമ്പ്ര യു.എച്ച്.എസ് എന്നീ വിദ്യാലയങ്ങളിൽ നടന്നിരുന്നു. 265 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
അന്നമനട പഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയായി ആരംഭിച്ച പദ്ധതിയാണ് മികവിന്റെ കേന്ദ്രം സിവിൽ സർവീസ് അക്കാഡമി. അന്നമനടയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പഞ്ചായത്തിൽ സ്ഥിര താമസക്കാരായവർക്കും പൊതുപ്രവേശന പരീക്ഷ നടത്തി 50 മിടുക്കരായവരെ തിരഞ്ഞെടുത്ത് അഞ്ച് വർഷക്കാലം പരിശീലനം നൽകുകയാണ് അക്കാഡമി. കേരളത്തിൽ ഇത്തരത്തിലൊരു പാഠ്യപദ്ധതി നടപ്പാക്കുന്ന ഏക പഞ്ചായത്താണ് അന്നമനട. ഈ വർഷം മുതൽ സർക്കാരിന്റെ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കാണ് കോഴ്‌സിന്റെ പരിശീലനച്ചുമതല. വിദ്യാർത്ഥികൾക്ക് മെൻഡൽ എബിലിറ്റി, സ്‌കിൽ ഡവലപ്പ്‌മെന്റ്, കരിയർ അവെയർനസ്, മത്സരാധിഷ്ഠിത പരീക്ഷകൾക്ക് തയ്യാറാക്കൽ, സിവിൽ സർവീസ് രംഗത്തെ പ്രമുഖരുമായി അഭിമുഖങ്ങളും സംവദിക്കലും തുടങ്ങി കുട്ടികളുടെ സമഗ്രമായ കഴിവുകൾ വികസിപ്പിക്കുന്നതാണ് പാഠ്യപദ്ധതി.